ഖത്തര്‍ സമ്പദ് വ്യവസ്ഥ 2024ല്‍ രേഖപ്പെടുത്തിത് 2.4 ശതമാനം വളര്‍ച്ച

Web Desk
2 Min Read

ദോഹ: 2024-ല്‍ ഖത്തര്‍ സമ്പദ്വ്യവസ്ഥ 2.4 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. 2023ലെ സ്ഥിരവില അടിസ്ഥാനം 697 ബില്യന്‍ റിയാലായിരുന്നത് 2024ല്‍ 713 ബില്യന്‍ റിയാലിലെത്തി.

city exchange

നാഷണല്‍ പ്ലാനിംഗ് കൗണ്‍സിലിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2024-ലെ നാലാം പാദത്തില്‍ ഖത്തറിന്റെ ജി ഡി പി വാര്‍ഷികാടിസ്ഥാനത്തില്‍ 6.1 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 2023-ലെ ഇതേ കാലയളവിലെ 170.1 ബില്യണ്‍ റിയാലില്‍ നിന്ന് 181 ബില്യണ്‍ റിയാലിലേക്കാണ് വളര്‍ന്നത്.

2024-ലെ ദേശീയ വികസന തന്ത്രത്തിന് അനുസൃതമായി സുസ്ഥിര വളര്‍ച്ചയിലേക്കും സാമ്പത്തിക വൈവിധ്യവത്ക്കരണത്തിലേക്കുമുള്ള രാജ്യത്തിന്റെ പുരോഗതി നിലനിര്‍ത്തി ഖത്തര്‍ സമ്പദ്വ്യവസ്ഥ ശ്രദ്ധേയമായ വളര്‍ച്ചാ നിരക്കുകള്‍ തുടര്‍ന്നും പാലിക്കുന്നുണ്ടെന്ന് ദേശീയ ആസൂത്രണ കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ ഖലീഫ സ്ഥിരീകരിച്ചു.

ഖത്തറി സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വികാസവും വര്‍ധിച്ചുവരുന്ന വൈവിധ്യവത്ക്കരണവും ഏറ്റവും പുതിയ ഡാറ്റ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി ഹൈഡ്രോകാര്‍ബണുകളെ ആശ്രയിക്കുന്നതിനപ്പുറമാണ് സമ്പദ്വ്യവസ്ഥ ക്രമേണ മുന്നേറുന്നത്. ജി ഡി പിയില്‍ ഹൈഡ്രോകാര്‍ബണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ പങ്കുണ്ടെങ്കിലും ഹൈഡ്രോകാര്‍ബണ്‍ ഇതര മേഖലകള്‍ ക്രമാനുഗതമായി വളര്‍ച്ച കൈവരിക്കുന്നുണ്ട്.

- Advertisement -
Ad image

2024ല്‍ മൊത്തം ജി ഡി പിയുടെ ഏകദേശം 64 ശതമാനം ഹൈഡ്രോകാര്‍ബണ്‍ ഇതര പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. 2023ല്‍ ഇത് ഏകദേശം 63 ശതമാനം ആയിരുന്നു. ഖത്തര്‍ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയും എണ്ണ, വാതക വില കുറയുന്നതും ഈ വിഭവങ്ങള്‍ക്കായുള്ള ആവശ്യകത കുറയുന്നതും ഉള്‍പ്പെടെയുള്ള സാമ്പത്തിക ഏറ്റക്കുറച്ചിലുകളെ നേരിടാനുള്ള അതിന്റെ കഴിവും ഇത് എടുത്തുകാണിക്കുന്നു.

2023ലെ നാലാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൈഡ്രോകാര്‍ബണ്‍ പ്രവര്‍ത്തനങ്ങള്‍ 6.2 ശതമാനം വളര്‍ച്ച കൈവരിച്ചു. അതേസമയം ഹൈഡ്രോകാര്‍ബണ്‍ ഇതര മേഖലകള്‍ 6.1 ശതമാനം വികാസമാണ് പ്രാപിച്ചത്. 2024ലെ നാലാം പാദത്തിലെ ജി ഡി പിയിലെ 181 ബില്യണ്‍ റിയാലില്‍ 116.9 ബില്യണ്‍ റിയാലിന്റെ സംഭാവന നല്‍കി.

ഡാറ്റ പ്രകാരം നാലാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയ പ്രധാന ഹൈഡ്രോകാര്‍ബണ്‍ ഇതര മേഖലകളില്‍ താമസ സൗകര്യവും ഭക്ഷ്യ സേവനങ്ങളും ഉള്‍പ്പെടുന്നു, ഇത് 14.7 ശതമാനം എന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഇത് 1.7 ബില്യണ്‍ റിയാലില്‍ നിന്ന് 2 ബില്യണ്‍ റിയാലായി ഉയര്‍ന്നു. മൊത്ത- ചില്ലറ വ്യാപാരം 9 ശതമാനം വര്‍ധിച്ച് 13.5 ബില്യണ്‍ റിയാലില്‍ നിന്ന് 14.7 ബില്യണ്‍ റിയാലായി ഉയര്‍ന്നു.

റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ 6.3 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇത് 12.7 ബില്യണ്‍ റിയാലില്‍ നിന്ന് 13.5 ബില്യണ്‍ റിയാലായി ഉയര്‍ന്നു.

നിര്‍മ്മാണ മേഖലയിലെ കുതിച്ചുചാട്ടം അവസാനിച്ചതിനെത്തുടര്‍ന്ന് 2023ലെ ഇടിവിന് ശേഷം നിര്‍മ്മാണ മേഖലയും 9.6 ശതമാനം വളര്‍ച്ച കൈവരിച്ചു.

പ്രാദേശിക വിപണിയില്‍ നിക്ഷേപിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നതിനുമുള്ള പൊതു- സ്വകാര്യ മേഖലകള്‍ ശക്തമായ പ്രതിബദ്ധതയാണ് പ്രകടമാക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!