ഭൂകമ്പബാധിതര്‍ക്ക് സഹായവുമായി ഖത്തറിന്റെ ഫീല്‍ഡ് ആശുപത്രി കൊളംബിയയില്‍

Web Desk
1 Min Read

ദോഹ: അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തര ആരോഗ്യസഹായം നല്‍കുന്നതിന് ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ഒരുക്കിയ സമ്പൂര്‍ണ സജ്ജീകരണങ്ങളോടെയുള്ള ഫീല്‍ഡ് ആശുപത്രിയുമായി ഖത്തര്‍ സായുധ സേനയുടെ വിമാനം കൊളംബിയ റിപ്പബ്ലിക്കിലെത്തി.

city exchange

ഭൂകമ്പത്തെത്തുടര്‍ന്ന് ബാധിക്കപ്പെട്ട കൊളംബിയന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ അധികൃതര്‍ക്കും പിന്തുണ നല്‍കുകയാണ് ഫീല്‍ഡ് ആശുപത്രിയുടെ ലക്ഷ്യം. ദുരിതബാധിതര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം അടിയന്തര സാഹചര്യത്തില്‍ ആരോഗ്യ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും ഇത് സഹായിക്കും.

ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയയ്ക്ക് കീഴിലുള്ള ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പും ആശുപത്രിയുടെ സജ്ജീകരണത്തിലും കൊളംബിയയിലേക്കുള്ള എത്തിച്ചേരലിലും പങ്കാളികളാകുന്നുണ്ട്. ഗുണഭോക്താക്കള്‍ക്കുള്ള മെഡിക്കല്‍ സേവനങ്ങള്‍ എത്രയും വേഗം ആരംഭിക്കുന്നതിനാണ് ഇവരുടെ സഹകരണം.

പ്രകൃതിദുരന്തങ്ങളിലെയും പ്രതിസന്ധികളിലെയും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനും മാനുഷിക ഐക്യദാര്‍ഢ്യവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള ഖത്തറിന്റെ നയത്തിന്റെ ഭാഗമായാണ് കൊളംബിയയിലേക്ക് ഫീല്‍ഡ് ആശുപത്രി അയച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!