ജീവിത വെളിച്ചമാണ് ഖുര്‍ആന്‍; ഖത്തര്‍ ക്യു എല്‍ എസ് സംഗമം സമാപിച്ചു

Web Desk
2 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ (ക്യു എല്‍ എസ്) പഠിതാക്കളുടെയും ഖുര്‍ആന്‍ പഠനാന്വേഷികളുടെയും സംഗമം മദീന ഖലീഫയിലെ ക്യു ഐ സി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

city exchange

‘നിശ്ചയമായും ഈ ഖുര്‍ആന്‍ ഏറ്റവും നേരായ മാര്‍ഗത്തിലേക്ക് വഴി കാണിക്കുന്നു’ എന്ന ദിവ്യവചനത്തെ അന്വര്‍ഥമാക്കുംവിധം ജീവിതത്തിന്റെ എല്ലാ വഴിത്തിരിവുകളിലും ഖുര്‍ആനെ വഴികാട്ടിയാക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു സംഗമം. കുടുംബജീവിതത്തില്‍ സമാധാനവും സമൂഹത്തില്‍ നീതിയും ഹൃദയത്തില്‍ ശാന്തിയും പകര്‍ന്നുനല്‍കുന്ന ദിവ്യഗ്രന്ഥം കേവലമൊരു പാരായണ ഗ്രന്ഥമല്ല, മറിച്ച് ജീവിതത്തിന്റെ വെളിച്ചമാണെന്ന് പരിപാടി ഓര്‍മ്മിപ്പിച്ചു.

സംഗമത്തോടനുബന്ധിച്ച് നടന്ന ‘ടോക്ക് ഷോ’ ചോദ്യങ്ങളുടെ വൈവിധ്യം കൊണ്ടും പണ്ഡിതന്മാരുടെ മറുപടികള്‍ കൊണ്ടും ഏറെ ശ്രദ്ധേയമായി. ഖത്തറിലെ വിവിധ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളില്‍ ഇന്‍സ്ട്രക്ടര്‍മാരായ സിറാജ് ഇരിട്ടി, അബ്ദുല്‍ ലത്തീഫ് നല്ലളം, മുഹമ്മദ് അലി ഫാറൂഖി,
അബ്ദുല്‍ കരീം ആക്കോട് എന്നിവര്‍ ഖുര്‍ആനിലെ വ്യത്യസ്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

ഖുര്‍ആനില്‍ നിന്ന് ഹിദായത്ത് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ ഖുര്‍ആനിനെ പഠിക്കണമെന്നും പരിഭാഷ വായനയേക്കാള്‍ ഒരു ഗുരുനാഥനില്‍ നിന്ന് അര്‍ഥവും ആശയവും പഠിച്ചെടുക്കേണ്ടതാണ് ഖുര്‍ആന്‍ എന്നും അല്ലാഹുവിലുള്ള വിശ്വാസകാര്യങ്ങള്‍ ഖുര്‍ആന്‍ അതീവ ഗൗരവത്തോടെ പഠിപ്പിക്കുന്നുവെന്നും ഏത് കാലത്തും ഏത് ജനറേഷനും ഖുര്‍ആനില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊള്ളാനുണ്ടെന്നും നിത്യ ജിവിതത്തില്‍ മറക്കാതെ പാരായണം ചെയ്യേണ്ട ഖുര്‍ആന്‍ സൂക്തങ്ങളെ കുറിച്ചുമെല്ലാം പണ്ഡിതന്‍മാര്‍ അവരുടെ സംസാരത്തില്‍ ഓര്‍മിപ്പിച്ചു. ഡോ. സല്‍മാനുല്‍ ഫാരിസി ടോക്ക് ഷോയുടെ മോഡറേറ്റര്‍ ആയിരുന്നു.

- Advertisement -
Ad image

വിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്ത തലങ്ങളില്‍ വായിക്കപ്പെടുന്ന ഗ്രന്ഥമാണ് എന്ന് ആമുഖഭാഷണം നിര്‍വഹിച്ച ഷമീര്‍ വലിയവീട്ടില്‍ പറഞ്ഞു. ആഴത്തിലുള്ള പഠനത്തിനും ഗവേഷണങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആനിന്റെ ആശയപ്രപഞ്ചം വിപുലമാണ്. ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ പഠിതാക്കള്‍ സാമാന്യമായ ഖുര്‍ആന്‍ പഠനത്തിനുപരിയായി ഖുര്‍ആനിന്റെ ജീവിത ബന്ധിയായ പഠനമാണ് നടത്തേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ക്യു എല്‍ എസ് ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ മദനി സമാപന ഭാഷണം നിര്‍വഹിച്ചു. ഖുര്‍ആന്‍ പഠിക്കാന്‍ പ്രത്യേക പ്രായമോ സമയമോ ഇല്ലെന്നും താമസം വിനാ ആ പഠനത്തിലേക്ക് ഇറങ്ങിത്തിരിക്കാന്‍ ഏവര്‍ക്കും സാധിക്കണമെന്നും പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു.

ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലെ ഖുര്‍ആന്‍ പഠിതാക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത് സദസ്സിന് പ്രോത്സാഹനമേകി. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ വിജയികള്‍ക്കുള്ള സമ്മാന വിതരണം പ്രോഗ്രാമിന് മികവ് പകര്‍ന്നു. പരിപാടിക്ക് ക്യു എല്‍ എസ് കണ്‍വീനര്‍ നൗഷാദ് ചാലില്‍, മൊയ്ദീന്‍ ഷാ, അഹമ്മദ് മുസ്തഫ, റിയാസ് വാണിമേല്‍, ആഷിഖ് ബേപ്പൂര്‍, അസ്ലം വി ടി എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!