
ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബും (ഐ ഡി സി), ജെ സി ഐ അക്രഡിറ്റഡ് മള്‍ട്ടി- സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററായ റിയാദ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് ‘ഹൃദ്യ’ എന്ന പേരില്‍ പുതിയ ആരോഗ്യ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. ഹൃദയാരോഗ്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക, ഹൃദ്രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടയുക എന്നിവയാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഐ ബി പി സിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ ഡി സി ഖത്തര്‍.

ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും കൃത്യമായ പരിശോധനകളിലൂടെയും ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന് പൊതുജനങ്ങളെ ബോധവത്ക്കരിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പുകളും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.

ഐ ഡി സി ഖത്തര്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സൈബു ജോര്‍ജ്, റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, ഐ ഡി സി പ്രസിഡന്റ് ഡോ. റിനി ശൗക്കത്ത്, മറ്റു ഐ ഡി സി ഭാരവാഹികള്‍ ചേര്‍ന്ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രവാസി സമൂഹത്തിനിടയില്‍ ഹൃദയാരോഗ്യ സംരക്ഷണത്തിന്റെയും മുന്‍കൂട്ടിയുള്ള പരിശോധനകളുടെയും പ്രാധാന്യം ഏറിവരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ ഡി സി പ്രസിഡന്റ് ഡോ. റിനി ശൗക്കത്ത് പറഞ്ഞു. ഐ ഡി സി സോഷ്യല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഡോ. ഷെഫീഖിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യുവ കായികപ്രേമികളുടെ കൂട്ടായ്മയായ എം സി സി അംഗങ്ങള്‍ക്കായി ആദ്യ ‘ഹൃദ്യ’ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ബിഷ്ണു കിരണിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഐ ഡി സിയിലെ വോളന്റിയര്‍മാരായ ഡോക്ടര്‍മാരും ഇതില്‍ പങ്കാളികളായി.
‘രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതെ നോക്കുന്നതിനാണ് റിയാദ മുന്‍ഗണന നല്‍കുന്നത്. ഐ ഡി സിയുമായി സഹകരിച്ച് ‘ഹൃദ്യ’ പദ്ധതിയിലൂടെ ഹൃദയാരോഗ്യ പരിശോധനകള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട് എന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.
എം സി സി അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, കാമ്പയിന്‍ കണ്‍വീനര്‍ ഡോ. അന്‍വര്‍, ഐ ഡി സി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ബോധവത്ക്കരണ പരിപാടികളും ക്യാമ്പുകളും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

