
ദോഹ: സമുദ്ര ഗതാഗത മേഖലയുമായി ബന്ധപ്പെട്ട 11 സേവനങ്ങള്‍ കൂടി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റി ഖത്തര്‍ ഗതാഗത മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുതിയ സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി ലഭ്യമാകും.

വലിയ കപ്പലുകളുമായും നാവികരുമായും ബന്ധപ്പെട്ട വിവിധ ഇടപാടുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ഇ-സേവനങ്ങള്‍. ഇതോടെ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ലഭ്യമാകുന്ന ഇ-സേവനങ്ങളുടെ എണ്ണം 21 ആയി. ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കുക, സമയവും അധ്വാനവും കുറയ്ക്കുക, ഉപയോക്താക്കള്‍ക്ക് മികച്ച സേവനാനുഭവം ഉറപ്പാക്കുക എന്നിവയാണ് ഡിജിറ്റല്‍വത്ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതുതായി ആരംഭിച്ച സേവനങ്ങളില്‍ കണ്ടിന്യൂയസ് സിനോപ്‌സിസ് റെക്കോര്‍ഡ്, സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പെസിഫിക്കേഷന്‍ ഭേദഗതി, കപ്പല്‍ രജിസ്‌ട്രേഷനില്‍ നിന്ന് നീക്കം ചെയ്യല്‍, ഉടമസ്ഥാവകാശ കൈമാറ്റം, ബാധ്യതകളില്ലെന്ന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട രേഖയ്ക്ക് പകരം പുതിയ രേഖ ലഭ്യമാക്കല്‍, മോര്‍ട്ട്‌ഗേജ് അപേക്ഷ, മോര്‍ട്ട്‌ഗേജ് ഒഴിവാക്കല്‍, എണ്ണ മലിനീകരണം മൂലമുള്ള നാശനഷ്ടങ്ങള്‍ക്കുള്ള സുരക്ഷാ ഇന്‍ഷുറന്‍സ് അപേക്ഷ, ‘ടു വോം ഇറ്റ് മേ കണ്‍സേണ്‍’ സര്‍ട്ടിഫിക്കറ്റ്, സീ പ്രൊട്ടസ്റ്റ് സര്‍വീസ് എന്നിവ ഉള്‍പ്പെടുന്നു.
ഡിജിറ്റല്‍ പരിവര്‍ത്തനവും വിവിധ മേഖലകളിലെ സേവനങ്ങളുടെ ഓട്ടോമേഷനും മുന്നോട്ടുകൊണ്ടുപോകാനുള്ള മന്ത്രാലയത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ചതെന്ന് ഷിപ്പ് രജിസ്ട്രി ആന്‍ഡ് സീഫരേഴ്‌സ് അഫയേഴ്‌സ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ മുഹമ്മദ് മുഹ്‌സിന്‍ അല്‍ ഹജാജി പറഞ്ഞു.
ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമവും നൂതനവുമായ സമുദ്ര ഗതാഗത മേഖല വികസിപ്പിക്കാന്‍ ഈ സംരംഭം സഹായിക്കുമെന്നും ഖത്തര്‍ ദേശീയ ദര്‍ശനം 2030ന് അനുസൃതമായി സംയോജിതവും കാര്യക്ഷമവുമായ സര്‍ക്കാര്‍ സേവന സംവിധാനം ഒരുക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് ഇത് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കര- സമുദ്ര ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വിവിധ ഇ-സേവനങ്ങള്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും സേവനങ്ങള്‍ക്കായി അപേക്ഷിക്കാനും ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും ഇതിലൂടെ സാധിക്കും.

