Connect with us

Latest News

റാഫി പുതിയകടവിനെ മുസ്‌ലിം ലീഗ് സസ്‌പെന്‍ഡ് ചെയ്തു

Published

on


കോഴിക്കോട്: ലീഗ് ഹൗസിലെ വാര്‍ത്തസമ്മേളനത്തിനിടെ പാണക്കാട് മുഈനലി തങ്ങളെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെ മുസ്‌ലിം ലീഗ് സസ്‌പെന്‍ഡ് ചെയ്തു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, തങ്ങള്‍ കുടുംബത്തിന്റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് പിന്നീട് തീരുമാനിക്കും. ഒറ്റയ്ക്ക് അഭിപ്രായം പറയുന്ന പാരമ്പര്യമല്ല പാണക്കാട് കുടുംബത്തിന്റെത്. മുഈനലിയുടെ പ്രവൃത്തി ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. മുഈനലിയുടെ പ്രവൃത്തി തെറ്റായിരുന്നെന്ന് ഹൈദരലി ശിഹാബ് തങ്ങളെ ബോധ്യപ്പെടുത്തി അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനായി സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. ചന്ദ്രികയെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ലീഗിന്റെ ഒരു നേതാവും കള്ളപ്പണം വെളുപ്പിച്ചിട്ടില്ല. ലീഗില്‍ യാതൊരുവിധ വിഭാഗീയതയുമില്ല. ജനാധിപത്യപരമായ ചര്‍ച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പത്രമായ ചന്ദ്രികക്കെതിരായ ആരോപണങ്ങള്‍ ഖണ്ഡിക്കാന്‍ മുസ്‌ലിം ലീഗ് ആസ്ഥാനത്ത് വ്യാഴാഴ്ച വിളിച്ച വാര്‍ത്തസമ്മേളനത്തിലാണ് മുഈനലി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തകന്‍ അസഭ്യം പറഞ്ഞത്. പാര്‍ട്ടിയുടെ നിയമപരമായ കാര്യങ്ങളുടെ ചുമതലയുള്ള അഡ്വ. മുഹമ്മദ് ഷായോടൊപ്പമാണ് ഹൈദരലി തങ്ങളുടെ മകന്‍ കൂടിയായ മുഈനലി തങ്ങള്‍ വാര്‍ത്തസമ്മേളനത്തിനെത്തിയത്. കണക്കുകള്‍ നിരത്തി മുഹമ്മദ് ഷാ പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് മുഈനലി തങ്ങള്‍ ഇടപെട്ടത്. പാണക്കാട് കുടുംബം ശിഹാബ് തങ്ങളുടെ കാലം മുതല്‍തന്നെ പാര്‍ട്ടി സാമ്പത്തികകാര്യങ്ങളില്‍ ഇടപെടാറില്ലെന്ന് മുഈനലി വ്യക്തമാക്കി. ചന്ദ്രികയുടെ പണമിടപാട് നടത്തിയത് ഫിനാന്‍സ് ഡയറക്ടറായ മുഹമ്മദ് ഷമീറാണ്. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യേണ്ട ഫണ്ട് വിശ്വസ്തനായ ഷമീറിനെ ഏല്‍പിച്ച കുഞ്ഞാലിക്കുട്ടി തന്നെയാണ് പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നും മുഈനലി തുറന്നടിച്ചു. ഇതോടെയാണ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ സ്ഥിരം സാന്നിധ്യമായ റാഫി പുതിയകടവ് മുഈനലി തങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കി പാഞ്ഞടുത്തത്. ‘കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാന്‍ നീ ആരാണെടോ’ എന്ന് ചോദിച്ച റാഫി ‘പുറത്തിറങ്ങിയാല്‍ കാണിച്ചു തരാമെന്നും’ ഭീഷണിമുഴക്കിയിരുന്നു. പിന്നീട് തെറിയഭിഷേകം നടത്തിയ ഇയാളെ ലീഗ് ഓഫിസിലുണ്ടായിരുന്ന മറ്റു പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു.


error: Content is protected !!