
മലപ്പുറം: കര്‍ണാടക സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ്, ഐ ടി ആന്റ് ബി ടി വകുപ്പും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ചേര്‍ന്ന് നടത്തുന്ന 27-ാമത് ടി സി എസ് റൂറല്‍ ഐ ടി ക്വിസ് മത്സരത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ബെംഗളൂരു ടെക് ഉച്ചകോടി 2026-ന്റെ ഭാഗമായ ടി സി എസ് റൂറല്‍ ഐ ടി ക്വിസില്‍ ഓണ്‍ലൈന്‍ ടെസ്റ്റുകള്‍, വെര്‍ച്വല്‍ ക്വിസ് റൗണ്ടുകള്‍, നേരിട്ടുള്ള മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയിലുടനീളമുള്ള ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പഠിക്കുന്ന 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ ക്വിസില്‍ പങ്കെടുക്കാം. സിറ്റി കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് ക്വിസില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിസിനസ്, പുതിയ സാങ്കേതിക പ്രവണതകള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നാകും മത്സരത്തിലെ ചോദ്യങ്ങള്‍. ഇതോടൊപ്പം ബാങ്കിംഗ്, വിദ്യാഭ്യാസം, വിനോദം, റോബോട്ടിക്‌സ്, മീഡിയ, കായികം, ഗെയിമിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ ഐ ടി ചെലുത്തുന്ന സ്വാധീനവും മത്സരത്തില്‍ ചോദ്യങ്ങളായി ഉണ്ടാകും.
മത്സരത്തിന്റെ ഭാഗമായി എട്ട് റീജിയണല്‍ ഫൈനലുകള്‍ നടക്കും. ഇതിലെ വിജയികള്‍ 2026 നവംബറില്‍ ബെംഗളൂരുവില്‍ നടക്കുന്ന ദേശീയ ഫൈനലിലേക്ക് മുന്നേറും. എല്ലാ റീജിയണല്‍ വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും യഥാക്രമം 10,000 രൂപയുടെയും 7,000 രൂപയുടെയും ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും. ഇതിന് പുറമേ, ദേശീയ തലത്തിലുള്ള വിജയിക്കും രണ്ടാം സ്ഥാനക്കാര്‍ക്കും യഥാക്രമം 1,00,000 രൂപയും 50,000 രൂപയും ടി സി എസ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി നല്‍കും.
വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 30-ന് മുന്‍പായി https://iur.ls/TCSRIT/Quiz2026 എന്ന ലിങ്ക് വഴി ക്വിസിനായി രജിസ്റ്റര്‍ ചെയ്യാം. ഈ മത്സരത്തിന്റെ കഴിഞ്ഞ പതിപ്പില്‍, 28 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 5.62 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തിരുന്നു.

