

ആലുവ: പെരുമ്പാവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് റൂട്ട് റോഡും ആലുവ പെരുമ്പാവൂര്‍ പ്രൈവറ്റ് റൂട്ട് റോഡും ദേശം വല്ലം കടവ് റോഡും ധാരാളം കുഴികള്‍ വന്ന് നിറഞ്ഞതിനാല്‍ ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. ഈ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥന്മാരെ സമീപിച്ചപ്പോള്‍ അവര്‍ പറയുന്നത് ഈ മൂന്നു റോഡുകളും കിഫ്ബി ഏറ്റെടുത്തതിനാല്‍ പി ഡബ്ല്യു ഡിക്ക് യാതൊരു അറ്റകുറ്റപ്പണികളും ചെയ്യുവാന്‍ സാധിക്കില്ല എന്നാണ്. ഈ റോഡുകളില്‍ വളരെയധികം അപകടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ഇതിലുള്ള ശക്തമായ പ്രതിഷേധം എം എല്‍ എ തിരുവനന്തപുരത്ത് മന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കുകയുണ്ടായി.

എത്രയും വേഗം ഈ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കിഫ്ബിയോ പി ഡബ്ല്യു ഡിയോ പരസ്പരം പഴിചാരാതെ അടിയന്തിരമായി കിഫ്ബി മുഖേനയോ പി ഡബ്ല്യു ഡി മുഖേനയോ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി.

കൂടാതെ ആലുവ ശിവരാത്രി മണപ്പുറത്ത് ബലിതര്‍പ്പണം അടുത്ത ദിവസങ്ങളില്‍ ആയതിനാല്‍ വളരെയധികം ആളുകള്‍ ഇവിടെ എത്തുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ആലുവയിലെ എല്ലാ റോഡുകളിലെയും കുഴികളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലൂടെ എം എല്‍ എ മന്ത്രിയോട് ആവശ്യപ്പെട്ടു.

