

മുംബൈ: ദുബൈയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന എയര്‍ ഇന്ത്യ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ ഇറക്കി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

സാങ്കേതിക തകരാര്‍ പരിഹരിച്ചതിന് ശേഷം വിമാനം കൊച്ചിയിലേക്ക് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മര്‍ദ്ദവ്യത്യാസം അനുഭവപ്പെടുന്നതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബോയിംഗ് 787 എ ഐ 934 ഛത്രപതി ശിവജി മഹാരാജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കാന്‍ അനുമതി നല്കിയത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും നാളുകളായി നിരവധി ഇന്ത്യന്‍ വിമാനങ്ങളില്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നിന്ന് ദുബൈയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഫോര്‍വേര്‍ഡ് ഗാലിയിലെ വെന്റില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മസ്‌ക്കത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.
ഷാര്‍ജയില്‍ നിന്ന് ഹൈദരബാദിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.

