

ഹരിപ്പാട്: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് ആലുവ ജില്ല പ്രചാരകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്.

ഗൂഢാലോചന നടത്തിയ ആര്‍ എസ് എസ് നേതാക്കള്‍ക്ക് ആലുവ ആര്‍ എസ് എസ് കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ 15 പേര്‍ അറസ്റ്റിലായി.

ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആര്‍ എസ് എസ്- ബി ജെ പി നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പട്ടണക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊല നടത്തിയത്. കൊലപ്പെടുത്താന്‍ ഏഴംഗ സംഘത്തെ നിയമിച്ചു. കുറ്റകൃത്യത്തിന് ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നേതാക്കളുടെ സഹായം ലഭിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചേര്‍ത്തലയില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് മാസം മുമ്പ് തന്നെ കൊലപാതകത്തിന്റെ ആസൂത്രണത്തിന് രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഡിസംബര്‍ 15നും സംഘം യോഗം ചേര്‍ന്നിരുന്നാതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

