രാജ്യത്തെ വിമാന അറ്റകുറ്റപ്പണികളുടെ ഹബ്ബ് കൊച്ചിയാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

Web Desk
4 Min Read

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ യാത്രാ കേന്ദ്രം എന്നതിലുപരി ലോകനിലവാരത്തിലുള്ള സമ്പൂര്‍ണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിയാലിന്റെ ബൃഹദ് പദ്ധതിയായ ‘എയ്റോ പാര്‍ക്ക്’ ഫേസ് വണ്ണിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സിയാലിന്റെ വളര്‍ച്ച ഓഹരി ഉടമകള്‍ക്ക് മാത്രമല്ല, യാത്രക്കാര്‍ക്കും സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും വലിയ നേട്ടമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

city exchange

എയ്റോ പാര്‍ക്ക് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നൂറ്റൊന്ന് കോടി രൂപയുടെ വിപുലമായ സൗകര്യങ്ങളാണ് സിയാല്‍ സജ്ജമാക്കുന്നത്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും എം ആര്‍ ഒ വിഭാഗത്തിനു പുറമേയാണിത്. വിവിധ തരത്തിലുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, വിമാന അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സംവിധാനം, വിമാനങ്ങള്‍ ദീര്‍ഘകാലം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, സ്റ്റോറേജ് സംവിധാനങ്ങള്‍, സെമിനാര്‍ ഹാളുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ ഏരിയയിലേക്കും സിറ്റി സൈഡിലേക്കും കണക്ടിവിറ്റിയും ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. ഈ സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ നേരിട്ട് 2000 പേര്‍ക്കും പരോക്ഷമായി അതിന്റെ മൂന്നിരട്ടി ആളുകള്‍ക്കും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എയ്‌റോ പാര്‍ക്ക് ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള ബിസിനസ് സെന്റര്‍, ടെക്നിക്കല്‍ സര്‍വീസസ് ഫെസിലിറ്റി സെന്റര്‍, ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും.

നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 30 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സി ഐ എ എസ് എല്‍ ബിസിനസ് സെന്ററില്‍ ഓഫീസിനും സപ്പോര്‍ട്ട് സര്‍വീസിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏവിയേഷന്‍ മറ്റ് അനുബന്ധ സേവനങ്ങള്‍ക്കും ബാങ്കിംഗ്, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്കും ഇത് വലിയ സഹായകമാകും.

- Advertisement -
Ad image

എയര്‍സൈഡ് ഓപ്പറേഷന്‍സിന്റെ സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് 13 കോടി രൂപ ചെലവിലാണ് അത്യാധുനിക ടെക്നിക്കല്‍ സര്‍വീസസ് ഫെസിലിറ്റി വിഭാഗം സജ്ജമാക്കിയിരിക്കുന്നത്.

വിമാനത്താവളത്തിലെ സാങ്കേതിക പരിപാലന രംഗത്ത് ആവശ്യമായ അത്യാധുനിക യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും സംഭരണവും വിന്യാസവും അറ്റകുറ്റപ്പണികളും ഇതിലൂടെ സാധ്യമാകും.

അഗ്നിശമന സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് രണ്ടു കോടി രൂപ ചെലവില്‍ 800 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് സെന്റര്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലുതാണ്. അതീവ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും ഓരോ ജീവനും രക്ഷിക്കാന്‍ സേനാംഗങ്ങളെ പ്രാപ്തരാക്കുന്നതിനും പുക നിറഞ്ഞതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഇത് സഹായിക്കും. സംസ്ഥാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഈ കേന്ദ്രം വലിയ പങ്കുവഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എയ്റോ പാര്‍ക്ക് ഫേസ് വണ്ണിന്റെ ഭാഗമായി 56 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികള്‍ കൂടി ഉടന്‍ സജ്ജമാക്കും. 45 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ
കവേഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് സംവിധാനങ്ങളോടു കൂടിയുള്ള കേന്ദ്രത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പരോഗമിക്കുകയാണ്. ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ ഒരു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. വ്യോമയാന പരിശീലന രംഗത്ത് സിയാല്‍ നടത്തുന്ന മറ്റൊരു വിപ്ലവകരമായ ചുവടുവെപ്പാണ് എട്ട് കോടി രൂപ ചെലവ് വരുന്ന ഏവിയേഷന്‍ പ്രഷര്‍ സെറ്റഡ് ഫയര്‍ ഫൈറ്റിംഗ് ഫെസിലിറ്റി. ഈ സംവിധാനം അപകടകരമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.

ഇന്ത്യയിലാദ്യമായി വിമാനത്താവളത്തിനുള്ളില്‍ സജ്ജമാക്കുന്ന അത്യാധുനിക അണ്ടര്‍വാട്ടര്‍ ക്രൂ മെയിന്റനന്‍സ് സൗകര്യവും ഒരുങ്ങുകയാണ്.
മൂന്നു കോടി രൂപയുടെ നിര്‍മ്മാണ ചെലവില്‍ വരുന്ന പദ്ധതി ജലാശയങ്ങളില്‍ ഉണ്ടാകാനിടയുള്ള അപകട സാഹചര്യങ്ങളെ നേരിടാന്‍ രക്ഷാ സേനയെ സജ്ജമാക്കും. സിയാല്‍ ഐ ടി പാര്‍ക്ക് ഉള്‍പ്പെടുന്ന എയ്രോ പാര്‍ക്ക് രണ്ടാം ഘട്ടം, എയറോസിറ്റി ഉള്‍പ്പെടുന്ന എയ്‌റോ പാര്‍ക്ക് മൂന്നാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ സിയാല്‍ ഒരു സമ്പൂര്‍ണ്ണ ഏവിയേഷന്‍ എക്കോസിസ്റ്റമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി നടപ്പിലാക്കി വരുന്ന വികസന കാഴ്ചപ്പാടുകള്‍ എങ്ങനെയാണ് നാടിന്റെ മുഖച്ഛായ മാറ്റിയത് എന്നതിന്റെ നേര്‍ചിത്രമാണ് സിയാല്‍. ഒരു നാടിന്റെ വ്യവസായ സാമ്പത്തിക വളര്‍ച്ചയുടെ കരുത്തുറ്റ കേന്ദ്രമാണ് വിമാനത്താവളം എന്ന് സിയാലിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു. വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത ‘സിയാല്‍ 2.0’ പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ബിസിനസ് ജെറ്റ് ടെര്‍മിനല്‍, യാത്രക്കാര്‍ക്കായി എയ്‌റോ ലോഞ്ച്, താജ് കൊച്ചി എയര്‍പോര്‍ട്ട് ഹോട്ടല്‍, അത്യാധുനിക ഇമ്പോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ കാലയളവില്‍ നടപ്പിലാക്കാന്‍ സാധിച്ചു. യാത്രക്കാര്‍ക്കായി ഒരുക്കിയ ഇന്‍ഹൗസ് ഡിജി യാത്ര സംവിധാനവും വിമാനത്താവള പരിസരത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുള്ള ‘ഓപ്പറേഷന്‍ പ്രവാഹ്’ ഉള്‍പ്പെടെയുള്ള പദ്ധതികളും സിയാലിനെ കൂടുതല്‍ ജനകീയമാക്കി. സിയാലിന്റെ വളര്‍ച്ച നാടിന് ആകെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ഹാരിസ് ബീരാന്‍ എം പി, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സിയാല്‍ ഡയറക്ടര്‍മാരായ എം എ യൂസഫലി, ഇ കെ ഭരത് ഭൂഷണ്‍, എന്‍ വി ജോര്‍ജ്, വര്‍ഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ്, അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പോള്‍, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസ്, അങ്കമാലി നഗരസഭ കൗണ്‍സിലര്‍ ടി വൈ ഏലിയാസ്, സി ഐ എ എസ് എല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജെ പൂവാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!