
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വിപുലമായ കായിക മത്സരങ്ങളും ആഘോഷങ്ങളുമായി സഫാരി ഗ്രൂപ്പ് രംഗത്ത്. ഫെബ്രുവരി 10ന് സഫാരിയുടെ വിവിധ ഔട്ട്ലെറ്റുകളിലായി വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ കായിക ദിനാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം സഫാരി മാള്‍ അബു ഹമൂറില്‍ നടക്കുന്ന പഞ്ച ഗുസ്തി മത്സരമാണ്. ‘ആം റെസ്ലിംങ് സീസണ്‍-7’ എന്ന പേരിലാണ് ഈ കായിക മാമാങ്കം അരങ്ങേറുന്നത്.

സഫാരി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പഞ്ച ഗുസ്തി മത്സരത്തിന്റെ ഏഴാമത് സീസണാണ് ഇത്തവണ സഫാരി മാളില്‍ നടക്കുന്നത്. കഴിഞ്ഞ ആറ് സീസണുകളും വന്‍ വിജയമായിരുന്നുവെന്ന് മാത്രമല്ല, ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ മത്സരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നൂറുകണക്കിന് കായിക പ്രേമികളാണ് ആവേശപൂര്‍വ്വം ഈ മത്സരങ്ങളില്‍ പങ്കുചേരാനും വിജയികളെ പ്രോത്സാഹിപ്പിക്കാനുമായി സഫാരി മാളിലേക്ക് ഒഴുകിയെത്തിയത്. ഓരോ സീസണ്‍ പിന്നിടുമ്പോഴും മത്സരാര്‍ഥികളുടെ എണ്ണത്തിലും ജനപങ്കാളിത്തത്തിലും ഉണ്ടാകുന്ന വര്‍ധനവ് ഈ കായിക ഇനത്തിന് ഖത്തറിലെ പ്രവാസികള്‍ക്കിടയിലുള്ള ജനപ്രീതിയാണ് വ്യക്തമാക്കുന്നത്.
അബു ഹമൂര്‍ സഫാരി മാളില്‍ നടക്കുന്ന ഇത്തവണത്തെ പഞ്ച ഗുസ്തി മത്സരത്തില്‍ 10,000 ഖത്തര്‍ റിയാല്‍ ക്യാഷ് ആണ് സമ്മാനത്തുകയായി വിജയികള്‍ക്ക് നല്‍കുന്നത്. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 80 കിലോയില്‍ താഴെ ഭാരമുള്ളവര്‍ കാറ്റഗറി എ വിഭാഗത്തിലും 80 കിലോയ്ക്ക് മുകളില്‍ ഭാരമുള്ളവര്‍ കാറ്റഗറി ബി വിഭാഗത്തിലും മത്സരിക്കും. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2,500 റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് 1,500 റിയാലും മൂന്നാം സ്ഥാനക്കാര്‍ക്ക് 1,000 റിയാലും വീതം സമ്മാനമായി ലഭിക്കും. 18 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് മാത്രമായുള്ള ഈ മത്സരത്തില്‍ എല്ലാ രാജ്യക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ഫെബ്രുവരി 10ന് വൈകുന്നേരം നാലു മുതല്‍ അഞ്ച് വരെ അബു ഹമൂര്‍ സഫാരി മാളില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരമുണ്ടാക്കുക. അഞ്ച് മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.
പഞ്ച ഗുസ്തി കൂടാതെ സഫാരിയുടെ വിവിധ ശാഖകളില്‍ ‘ഹാങ്ങ് ഓണ്‍ ബാലന്‍സ്’ എന്ന മത്സരവും കായിക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സഫാരി മാള്‍ അബു ഹമൂര്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഖോര്‍, ബര്‍ക്കത്ത് അല്‍ അവാമിര്‍, ഇസ്ദാന്‍ മാള്‍ അല്‍ ഗറാഫ എന്നിവിടങ്ങളിലാണ് ഈ മത്സരം നടക്കുന്നത്.
ഫെബ്രുവരി 10ന് രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്തു വരെ നീളുന്ന ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സഫാരി ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുക. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ കായിക മത്സരങ്ങളിലേക്ക് ഖത്തറിലെ മുഴുവന്‍ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സഫാരി മാനേജ്മെന്റ് അറിയിച്ചു.

