

ഹേഗ്: റഫയിലെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ലോക കോടതി ഇസ്രാഈലിനോട് ഉത്തരവിട്ടു. ഗാസയിലെ സൈനിക ആക്രമണം നിര്‍ത്താന്‍ ഉത്തരവിടണമെന്ന ദക്ഷിണാഫ്രിക്കയുടെ അപേക്ഷയിലാണ് യു എന്‍ ഉന്നത കോടതിയുടെ ഉത്തരവ്.

ഉത്തരവിന്റെ തിയ്യതി മുതല്‍ ഒരു മാസത്തിനുള്ളില്‍ ഇസ്രാഈല്‍ സ്വീകരിച്ച എല്ലാ നടപടികളും വിശദമാക്കണമെന്നും ലോക കോടതി ആവശ്യപ്പെട്ടു.

ഗാസ യുദ്ധത്തില്‍ ഏഴ് മാസത്തിലേറെയായി ഇസ്രഈലിനുമേലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം ഈ ഉത്തരവ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ ഇസ്രാഈലി, ഹമാസ് ഉന്നത നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ഉത്തരവ് വന്നത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രാഈല്‍ നേതാക്കളും ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥരും യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും കുറ്റക്കാരാണെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.
ഇസ്രാഈലിന്റെ ഗാസ ആക്രമണം 1948ലെ യു എന്‍ വംശഹത്യ കണ്‍വെന്‍ഷന്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക കഴിഞ്ഞ വര്‍ഷമാണ് കേസ് കൊണ്ടുവന്നത്. ഇസ്രാഈല്‍ വംശഹത്യയാണ് നടത്തുന്നതെന്ന് ദക്ഷിണാഫ്രിക്ക ആരോപിക്കുകയും റഫ ഉള്‍പ്പെടെയുള്ള ഇസ്രാഈലിന്റെ ആക്രമണം ‘ഉടന്‍’ നിര്‍ത്താന്‍ ഉത്തരവിടാനും മാനുഷിക സഹായം ലഭ്യമാക്കാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ലോകകോടതിയുടെ വിധിയെ ദക്ഷിണാഫ്രിക്ക സ്വാഗതം ചെയ്യുകയും യു എന്‍ അംഗരാജ്യങ്ങളോട് ഇതിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉത്തരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന മന്ത്രിമാരുമായി ആലോചിക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

