
കെയ്റോ: ആരോഗ്യ മേഖലയിലെ സഹകരണത്തിന് ഖത്തറും ഈജിപ്തും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹ്മൂദും ഈജിപ്തിന്റെ മാനവ വികസന, ആരോഗ്യ, ജനസംഖ്യാ മന്ത്രി ഡോ. ഖാലിദ് ആതീഫ് അബ്ദുല്‍ ഗഫാറുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ സന്നിഹിതനായിരുന്നു.

പൊതുജനാരോഗ്യം, വൈദ്യശാസ്ത്രം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ വികസനം, വൈദഗ്ധ്യ കൈമാറ്റം, മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ പരിശീലനം, ഭക്ഷ്യസുരക്ഷാ മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.
കെയ്‌റോയില്‍ നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലാ കമ്മിറ്റിയുടെ എഴുപത്തിരണ്ടാം സെഷനില്‍ പൊതുജനാരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്.

