
മൈസൂരു: ചലച്ചിത്ര പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു.

തെക്കേ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ജാനകിക്ക് 2013ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കിയെങ്കിലും നിരസിച്ചു. സിസ്റ്റില ശ്രീരാമമൂര്‍ത്തി ജാനകി എന്നാണ് മുഴുവന്‍ പേര്. 1938 ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലായിരുന്നു ജനനം. ജാനകിയമ്മ, ഗാനകോകിലം, ഗാനസുധ, ഗാനസരസ്വതി, കന്നഡ കോഗിലെ തുടങ്ങി നിരവധി പേരുകളില്‍ എസ് ജാനകി അറിയപ്പെട്ടിരുന്നു.

പരേതനായ വി രാമപ്രസാദാണ് ഭര്‍ത്താവ്. മുരളീകൃഷ്ണയാണ് മകന്. ഉമയാണ് മരുമകള്‍.
മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉര്‍ദു, ഗുജറാത്തി, പഞ്ചാബി, കൊങ്കിമി, അസമീസ്, സിന്ധി തുടങ്ങി 17 ഭാഷകളിലായി 48000 ഓളം ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജര്‍മന്‍, സിംഹള ഭാഷകളിലും അവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്്.
കന്നഡ, മലയാളം ഭാഷകളിലാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത്. വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തില്‍ 1957ല്‍ ടി ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചാണ് എസ് ജാനകി രംഗത്തെത്തിയത്. മൂന്നാം വയസ്സില്‍ സംഗീതത്തില്‍ താത്പര്യം കാണിച്ചു തുടങ്ങിയ ജാനകി പത്താം വയസ്സില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്ത്രീയ സംഗീത പഠനം നടത്തി.
ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മദ്രാസിലെ എ വി എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു.
മലയാളത്തില്‍ 1200ലേറെ ചലച്ചിത്ര ഗാനങ്ങളാണ് എസ് ജാനകി പാടിയത്. കുട്ടികളുടെ ശബ്ദത്തില്‍ പാടാന്‍ എസ് ജാനകിയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. 2017ല്‍ മൈസൂര്‍ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
മികച്ച ഗായികയ്ക്ക് നാലു തവണ ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1976ല്‍ പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തില്‍ സിന്ദൂര പൂവേ, 1980ല്‍ മലയാള സിനിമ ഓപ്പോളിലെ ഏറ്റുമാനുരമ്പലത്തില്, 1984ല്‍ തെലുങ്ക്ചിത്രമായ സിതാരയില്‍ വെന്നല്ലോ ഗോദാരി ആനന്ദം, 1992ല്‍ തമിഴ് ചിത്രം തേവര്‍മകനില്‍ ഇഞ്ചി ഇടുപ്പഴകാ എന്നിവയ്ക്കാണ് ദേശീയ പുരസ്ക്കാരം ലഭിച്ചത്.
മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്ക്കാരം 14 തവണയും തമിഴ്നാട് സര്‍ക്കാറിന്റെ അവാര്‍ഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ അവാര്‍ഡ് പത്തുതവണയും എസ് ജാനകി നേടിയിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്ക്കാരം 1986ലും സുര്‍ സിംഗര്‍ ആവാര്‍ഡ് 1987ലും കേരളത്തില്‍ നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002ലും സ്പെഷ്യല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005ലും ലഭിച്ചു.
തമിഴ്, തെലുങ്ക് സിനിമകളില്‍ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

