

കോഴിക്കോട്: വയനാട് ദുരന്തത്തിന്റെ പേരില്‍ ജീവനക്കാരില്‍ നിന്നും അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന ഉത്തരവ് ഭേദഗതി വരുത്തണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ചു ദിവസത്തെ ശമ്പളം എന്നത് നിര്‍ബന്ധമാക്കാതെ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതിക്കനുസൃതമായി അഞ്ചിനേക്കാള്‍ കൂടുതലും കുറവും തെരഞ്ഞെടുക്കുവാനുള്ള അവസരം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജീവനക്കാരുടെ അര്‍ഹമായ പല അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കാത്തതിനാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നവരെ പരിഗണിക്കാതെ സാലറി ചലഞ്ച് നടത്തുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, എം എ റഷീദ് മദനി, മുഹമ്മദലി മിഷ്‌കാത്തി, ടി പി അബ്ദുറഹീം, എം പി അബ്ദുസലാം, നൂറുല്‍ അമീന്‍ കെ, എം എ സാദിഖ്, പി പി നസീമ, മന്‍സൂര്‍ മാടമ്പാട്ട്, നൗഷാദ് കോപ്പിലാന്‍, കെ വി റംല, സി എച്ച് ഫാറൂഖ്, ടി സി അബ്ദുല്‍ ലത്തീഫ്, ഒ എം യഹ്യാഖാന്‍, ഉമ്മര്‍ ചെറൂപ്പ, ബി സൈനബ എന്നിവര്‍ പ്രസംഗിച്ചു.
കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് സ്വാഗതവും സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി നന്ദിയും പറഞ്ഞു.

