
ദോഹ: ഖത്തറില്‍ അരനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാം കുരുവിള വിളനിലത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി.

ഐ സി സി മാനേജിംഗ് കമ്മിറ്റി, ഇന്‍കാസ് ഖത്തര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി പ്രമുഖ സംഘടനകളിലുള്‍പ്പെടെ ഖത്തറിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളില്‍ സ്ഥാനങ്ങള്‍ വഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സാം കുരുവിള സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അവരുടെ സാം അച്ചായനാണ്.


അരനൂറ്റാണ്ട് കാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച ചുരുക്കം മലയാളികളില്‍ ഒരാളാണ് സാം അച്ചായന്‍. 1977ല്‍ ഖത്തറിലെത്തി ഉടനെ തന്നെ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായി ഗള്‍ഫ് ജീവിതം ആരംഭിച്ചു. 15 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ജോലി വിട്ട് മുസ്തഫാവി ഗ്രൂപ്പില്‍ അഡ്മിനിസ്‌ട്രേഷ ന്‍ മാനേജറായി.
ജോലിയില്‍ നിന്നും സ്വയം വിരമിച്ച് മടങ്ങുന്ന സാം അച്ചായന്‍ നല്ലൊരു മനുഷ്യ സ്‌നേഹിയും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്.
വേള്‍ഡ് മലയാളി കൗണ്‍സിള്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ചെയര്‍മാന്‍ സുരേഷ് കരിയാട്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി എസ് നാരാണന്‍, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍, ട്രഷറര്‍ ജിജി ജോണ്‍, വിമന്‍സ് വിംഗ് പ്രസിഡണ്ട് ഷീല ഫിലിപ്പോസ് തുടങ്ങിയവര്‍ ചേര്‍ന്ന് സാം കുരുവിളയെ ഷാളണിയിച്ച് ആദരിച്ച് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മെമന്റൊയും കൈമാറി.
പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍ സ്വാഗതമാശംസിച്ചു. ഭാരവാഹികളായ ജോണ്‍ഗില്‍ബര്‍ട്ട്, കാജല്‍ മൂസ്സ, അബ്രഹാം കെ ജോസഫ്, ജെബി കെ ജോണ്‍, ഷെഹാന അബ്ദുല്‍ ഖാദര്‍, ഷംസുദ്ദീന്‍ ഇസ്മയില്‍, ചരിസ്മ സിയാദ്, ബി എം ഫാസില്‍, വിപിന്‍ പുത്തൂര്‍, ഹരികുമാര്‍ കാനത്തൂര്‍ തുടങ്ങിയവര്‍ ആശംസകളും അനുമോദനങ്ങളും അര്‍പ്പിച്ച് സംസാരിച്ചു.
യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി സുബിന വിജയ് പരിപാടിയുടെ അവതാരകയായിരുന്നു. ട്രഷറര്‍ ജിജി ജോണ്‍ നന്ദി പറഞ്ഞു.
യാത്രയയപ്പ് സമ്മേളനത്തിന് ശേഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ അവതരിപ്പിച്ച ദര്‍ബാര്‍ മെലഡീസ് ആന്റ് മെമ്മറീസ് എന്ന ഗാനാലാപന സദസ്സുമുണ്ടായിരുന്നു.

