

റിയാദ്: യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന കാര്യം താന്‍ ശ്രദ്ധിക്കാറില്ലെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. വാഷിംഗ്ടണുമായി ശക്തമായ ബന്ധം നിലനിര്‍ത്തുകയാണ് റിയാദിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മാസികയായ ദി അറ്റ്‌ലാന്റിക്കിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു എസുമാിയ ദീര്‍ഘവും ചരിത്രപരവുമായ ബന്ധമാണ് സൗദി അറേബ്യയ്ക്കുള്ളത്. സൗദി അറേബ്യയിലുള്ള തങ്ങളെ സംബന്ധിച്ചിടത്തോളം അത് നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബൈഡന്‍ തന്റെ ആദ്യ വിദേശ നയനീക്കങ്ങളില്‍ സൗദി അറേബ്യയെ ലക്ഷ്യമിട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇടിവുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ, വ്യാപാര താത്പര്യങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൂണ്ടിക്കാട്ടി. ഇവയെല്ലാം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബന്ധങ്ങള്‍ താഴ്ത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും സൗദി അറേബ്യയോട് ചോദിച്ചാല്‍ എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സൗദി അറേബ്യും യു എസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതിനെ കുറിച്ചും യു എസ് പ്രസിഡന്റിന്റെ അഭിപ്രായത്തെ അത് ബാധിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ ചോദ്യമുണ്ടായി. അതൊക്കെ വെറുതെയാണെന്നും തങ്ങള്‍ അത് കാര്യമാക്കുന്നില്ലെന്നും അമേരിക്കയുടെ കാര്യങ്ങളെ കുറഇച്ച് അവരാണ് ചിന്തിക്കേണ്ടതെന്നും കിരീടാവകാശി പറഞ്ഞു.
സൗദി അറേബ്യയില്‍ യു എസിന് എന്ത് താത്പര്യങ്ങളാണുള്ളതെന്ന ചോദ്യത്തിന് താനൊരു അമേരിക്കക്കാനല്ലെന്നും അതിനാല്‍ അമേരിക്കന്‍ താത്പര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് തന്റെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും സാധ്യതയുള്ളത് സൗദി അറേബ്യയിലാണെന്നു പറഞ്ഞ അദ്ദേഹം തങ്ങള്‍ അതിവേഗം വളരുന്ന രാജ്യമാണെന്നും ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ 10 ആഗോള ഫണ്ടുകളില്‍ രണ്ടെണ്ണവും ഏറ്റവും വലിയ ആഗോള ക്യാഷ് റിസര്‍വുകളുമുള്ള രാജ്യമാണ് സൗദിയെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയിലെ സൗദിയുടെ മൊത്തം നിക്ഷേപം 800 ബില്യണ്‍ ഡോളറാണ്. ചൈനയില്‍ ഇതുവരെയായി 100 ബില്യന്‍ ഡോളറില്‍ താഴെ നിക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കമ്പനികള്‍ക്ക് സൗദി അറേബ്യയില്‍ വലിയ കേന്ദ്രീകരണമുണ്ട്. സൗദി അറേബ്യയില്‍ മൂന്നു ലക്ഷത്തിലേറെ അമേരിക്കക്കാരുണ്ട്. അനുദിനം എണ്ണം വര്‍ധിക്കുന്നുമുണ്ട്. അതിനാല്‍ താത്പര്യം വ്യക്തവുമാണ്. സൗദി അറേബ്യയില്‍ ജയിക്കണോ തോല്‍ക്കണോ എന്നത് അമേരിക്കയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ വിശ്വസിക്കുന്ന ചില കാര്യങ്ങളില്‍ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചാല്‍ അത് നടപ്പിലാക്കുന്നതിന് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയില്‍ സാമൂഹിക വികസനം മുന്നോട്ടാണോ പിന്നോട്ടാണോ, അഞ്ച് വര്‍ഷം എന്താണ് സംഭവിച്ചതെന്ന് കാണണമെന്നും ഇതൊക്കെ മനസ്സിലാക്കാന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുകയോ നാട്ടുകാരുമായി ചാറ്റ് ചെയ്യുകയോ വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
എങ്കിലും സാമൂഹികമായി ഇരു രാജ്യങ്ങളും ഒരിക്കലും സമ്പൂര്‍ണ യോജിപ്പിലായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയില്‍ തങ്ങള്‍ ബഹുമാനിക്കുന്ന ചില വിശ്വാസങ്ങള്‍ ഉള്ളതിനാല്‍ തങ്ങള്‍ പരസ്പരം നൂറു ശതമാനത്തിലെത്തില്ലെന്നും അത് താനല്ലെന്നും സൗദി ജനതയാണെന്നും സൗദി വിശ്വാസങ്ങളേയും സൗദി പൗരനെന്ന നിലയില്‍ വിശ്വാസത്തെ ബഹുമാനിക്കുകയും അതിനായി പോരാടുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

