

കോഴിക്കോട്: നൈംനാംവളപ്പ് കോതിക്കടുത്ത് കടല്‍ ഉള്‍വലിഞ്ഞത് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. രാത്രിയോടെയാണ് ഈ പ്രതിഭാസമുണ്ടായത്.

സാധാരണ സൂനാമി സമയത്ത് ഇങ്ങനെ ഉണ്ടാകുമെന്ന വാര്‍ത്ത പരന്നതോടെയാണ് ആളുകളില്‍ പരിഭ്രാന്തി പടര്‍ന്നത്. 50 മീറ്ററോളമാണ് കടല്‍ ഇവിടെ ഉള്‍വലിഞ്ഞത്. അപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കടല്‍ ഉള്‍വലിഞ്ഞ ഭാഗം കുളം പോലെ കെട്ടിനില്‍ക്കുകയാണ്.

തിരകളോ മറ്റോ ഈ ഭാഗത്തേക്ക് കയറുന്നില്ല.
ഇവിടെ കരയിലേക്ക് ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുമുണ്ട്. രാത്രിയോടെ സംഭവമറിഞ്ഞ് നിരവധി പേരാണ് കോതി ബീച്ചിലേക്കെത്തിയത്. സമീപ കാലത്തൊന്നും ഇത്തരത്തില്‍ ഇവിടെ കടല്‍ ഉള്‍വലിഞ്ഞിട്ടില്ലെന്നതാണ് ആളുകളെ കൂടുതല്‍ പരിഭ്രാന്തരാക്കിയത്.
നേരത്തെ സുനാമിയുണ്ടായ സമയത്തും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കടല്‍ ഉള്‍വലിഞ്ഞിരുന്നു. അതേസമയം, പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് ജില്ലാ കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. എന്നാല്‍ നാട്ടുകാര്‍ ജാഗ്രതപുലര്‍ത്തണമെന്നും ഈ ഭാഗത്തേക്ക് പ്രവേശിക്കരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

