എട്ടു വയസുകാരിക്ക് പീഡനം; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും 1,20,000 രൂപ പിഴയും

Web Desk
1 Min Read

കൊച്ചി: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂര്‍ ചിറക്കത്തഴം കരയില്‍ കാറോട്ട് വീട്ടില്‍ അനില്‍ കുമാറിനെയാണ് (55) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ശിക്ഷിച്ചത്.

city exchange

2019 ഫെബ്രുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തു വന്നിരുന്ന ഫ്‌ളാറ്റില്‍ വാടകക്ക് താമസിച്ചിരുന്ന കുട്ടിയെ പ്രതി താമസിക്കുന്ന സെക്യൂരിറ്റി ക്യാബിനകത്തേക്ക് തന്ത്രപൂര്‍വ്വം വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭയന്നുപോയ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയില്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ വകുപ്പ് പ്രകാരവും ആറോളം വകുപ്പുള്ളാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ താമസിക്കുന്ന ആള്‍ക്കാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി തന്നെ ഇത്തരത്തിലുള്ള ഒരു ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ യാതൊരു ദയയും പ്രതി അര്‍ഹിക്കുന്നില്ല എന്നതിലാണ് ഇത്തരത്തിലുള്ള കനത്ത ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കുവാനും കോടതി ഉത്തരവിട്ടു.

- Advertisement -
Ad image

ജീവിതാന്ത്യം തടവ് കൂടാതെ മറ്റു വകുപ്പുകളില്‍ 16 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഇന്‍ഫോപാര്‍ക്ക് സി ഐ ആയിരുന്ന പി കെ രാധാമണി, എസ് ഐ എ എന്‍ ഷാജു തുടങ്ങിയവരാണ് പ്രതിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.

Share This Article
Leave a Comment
error: Content is protected !!