റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റായി ശേഖര്‍ മേത്ത ചുമതലയേറ്റു

Web Desk
1 Min Read

  • റോട്ടറിയുടെ നേതൃസ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: റോട്ടറി ഇന്റര്‍നാഷണലിന്റെ 2021- 22 വര്‍ഷത്തെ പ്രസിഡന്റായി സ്‌കൈലൈന്‍ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ശേഖര്‍ മേത്ത ചുമതലയേറ്റു. 116 വര്‍ഷം പഴക്കവും 12 ലക്ഷം അംഗങ്ങളുമുള്ള സംഘടനയുടെ നേതൃസ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ശേഖര്‍ മേത്ത. റോട്ടറി ക്ലബ് ഓഫ് കൊല്‍ക്കത്ത- മഹാനഗര്‍ അംഗമാണ് അദ്ദേഹം.
സമത്വം അടിസ്ഥാന മനുഷ്യാവകാശമാണെന്നും സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമായ ലോകത്തിന് അത് ആവശ്യവുമാണെന്നു പറഞ്ഞ മേത്ത പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ റോട്ടറി ക്ലബ്ബുകള്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് മേത്ത നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്.
താഴ്ന്ന സമുദായങ്ങള്‍ക്ക് ശുദ്ധജലം, ശുചിത്വം, ആരോഗ്യസംരക്ഷണം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുന്ന പാന്‍ ഇന്ത്യ സംരംഭങ്ങള്‍ക്കും മേത്ത നേതൃത്വം നല്കി. ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് ദുരന്ത നിവാരണത്തിന് സമൂഹങ്ങളെ സഹായിക്കാനുള്ള ശ്രമങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്കി.
2025ഓടെ ഇന്ത്യയെ പൂര്‍ണമായും സാക്ഷരത കൈവരിക്കുന്ന രാജ്യമാക്കാനുള്ള ടീച്ച് പ്രോഗ്രാം, 1500ലേറെ ഹൃദയ ശസ്ത്രക്രിയകള്‍, സൂനാമിക്കു ശേഷമുള്ള വീണ്ടെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്കിയിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!