

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയര്‍പേഴ്സണും അല്‍-മുജാദിലയുടെ സ്ഥാപകയുമായ ശൈഖ മോസ ബിന്‍ത് നാസര്‍ എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കുന്ന കേന്ദ്രവും പള്ളിയും അനാച്ഛാദനം ചെയ്തു.

അല്‍-മുജാദില സെന്റര്‍ ആന്‍ഡ് മോസ്‌ക് ഫോര്‍ വിമന്‍ സ്ഥാപിച്ചത് മുസ്ലിം സ്ത്രീകളുടെ ഇസ്ലാമിക ഐഡന്റിറ്റി ശക്തിപ്പെടുത്തുക, എല്ലാ സ്ത്രീകളും ഇടപഴകുന്ന ഒരു മുസ്ലിം സമൂഹത്തെ പരിപോഷിപ്പിക്കുക, അവരുടെ പങ്കാളിത്തവും സംഭാവനകളും അംഗീകരിക്കുക, അവരുടെ ആശങ്കകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്.

കേന്ദ്രത്തിന്റെ കാഴ്ചപ്പാട് അതിഥികള്‍ക്ക് നല്‍കുകയും കെട്ടിട സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പണ്ഡിതന്മാര്‍, അധ്യാപകര്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുമായുള്ള പാനല്‍ ചര്‍ച്ചയിലൂടെ അതിന്റെ ഉദ്ദേശ്യം പരിചയപ്പെടുത്തുകയും ചെയ്ത പരിപാടിയില്‍ അല്‍-മുജാദില ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രമുഖര്‍, സമുദായ നേതാക്കള്‍, ഔഖാഫ് മന്ത്രാലയ പ്രതിനിധികള്‍, അക്കാദമിക് ഗവേഷകര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രവാചകന്‍ മുഹമ്മദ് (സ)യുമായി സംവാദത്തില്‍ ഏര്‍പ്പെട്ട ഖൗല ബിന്‍ത് ത്വലാബയുടെ (റ) കഥ പരാമര്‍ശിച്ചുകൊണ്ട് കേന്ദ്രത്തിന്റെയും അതിന്റെ പേരിന്റെയും പ്രചോദനം ശൈഖ മോസ ബിന്‍ത് നാസര്‍ വിവരിച്ചു.
അല്‍- മുജാദില കേന്ദ്രവും പള്ളിയും സ്ഥാപിക്കുന്നതിലൂടെ ആരാധനയിലെ നീതി എന്ന ആശയത്തിലേക്ക് വെളിച്ചം വീശാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈ ഇടം സ്ത്രീകള്‍ക്ക് മതപരവും ലൗകികവുമായ കാര്യങ്ങളില്‍ സ്വയം വികസിക്കുന്നതിനും ആരാധനയെക്കുറിച്ച് സമഗ്രമായ ധാരണയോടെ പെരുമാറാനും അനുവദിക്കുന്നു.
മുസ്‌ലിം യുവതികളെ ആകര്‍ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്ഥാപനം സ്ത്രീകളുടെ പ്രാര്‍ഥനാ മുറികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കാനും വിദൂര കോണില്‍ ഒറ്റപ്പെടാതിരിക്കാനും സഹായിക്കുന്നതോടൊപ്പം വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും ഉയര്‍ത്തുകയും ചെയ്യുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും മതപരമായ സ്ത്രീകളുടെ അവബോധം വര്‍ധിപ്പിക്കുന്നതിന് അവരുടെ സമകാലിക ബൗദ്ധിക ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും.
അല്‍-മുജാദില സെന്റര്‍ ആന്‍ഡ് മോസ്‌ക് ഫോര്‍ വുമണില്‍ ക്ലാസ് മുറികള്‍, ലൈബ്രറി, ഒത്തുകൂടാനുള്ള ഇടങ്ങള്‍, കഫേ, പൂന്തോട്ടങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
മുസ്ലിം സ്വത്വം ഊട്ടിയുറപ്പിക്കുന്നതില്‍ സ്ത്രീകള്‍ക്ക് ഇടം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. ഹദാരയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബുതൈന അബ്ദുല്‍ഗാനി ആതിഥേയത്വം വഹിച്ച സെഷനില്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി ജബര്‍ അല്‍ നുഐമി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍-ഖാതര്‍, ഡോ. ഒമര്‍ അബ്ദുല്‍കാഫി, മെയ് അല്‍ സയ്യിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ഇസ്ലാമിക പഠനത്തിനും ഗവേഷണത്തിനും ചരിത്രപരവും സമകാലികവുമായ ഇസ്ലാമിന്റെ പഠനത്തിനും അല്‍-മുജാദില വഴികള്‍ തുറക്കും.

