പെഗാസസ് അന്വേഷണം അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി ശശി തരൂര്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: പെഗാസസ് അന്വേഷണം അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നെന്ന് ശശി തരൂര്‍ എം പി. ജൂലൈ 28ന് നടന്ന ഐ ടി പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ പെഗാസസ് വിഷയം ചര്‍ച്ചയാകാതിരിക്കാന്‍ ബി ജെ പി കരുനീക്കങ്ങള്‍ നടത്തിയെന്നും പാനല്‍ ചെയര്‍മാനായ ശശി തരൂര്‍ പറഞ്ഞു. പി ടി ഐക്ക് നല്കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
പാനല്‍ വിളിപ്പിച്ചിരുന്ന ഉദ്യോഗസ്ഥരോട് യോഗത്തില്‍ ഹാജരാകേണ്ടതില്ലെന്ന് ബി ജെ പി നിര്‍ദേശം നല്‍കിയിരിക്കാമെന്നാണ് ശശി തരൂര്‍ പറഞ്ഞു. അവസാന മിനിറ്റില്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിന്നും ഒഴിവായതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഹാജരാകാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി വേണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തയച്ചിട്ടുണ്ട്.
പൗരന്മാരുടെ ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും എന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ജൂലൈ 28ലെ യോഗം. ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ്, ആഭ്യന്തര വകുപ്പ്, ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെയായിരുന്നു യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നത്.
യോഗത്തില്‍ പെഗാസസും ചര്‍ച്ചയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെന്നും ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥരോട് ഹാജരാകരുതെന്ന് ബി ജെ പി നിര്‍ദ്ദേശിച്ചതെന്നാണ് വിലയിരുത്തലുകള്‍.
പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചതിനെതിരെയും തരൂര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. പാര്‍ലമെന്റിനെ അവഹേളിക്കുന്നതിന് തുല്യമാണ് പ്രതിപക്ഷത്തിന്റെ നടപടികളെന്നായിരുന്നു മോദി പറഞ്ഞിരുന്നത്.
രാജ്യത്തിനകത്തും പുറത്തും വലിയ ചര്‍ച്ചയാകുന്ന ഇത്രയേറെ ഗുരുതരമായ വിഷയത്തില്‍ ഒരു തരത്തിലും പ്രതികരിക്കാതിരിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് പാര്‍ലമെന്റിനെ ശരിക്കും അവഹേളിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
പെഗാസസില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് താന്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. നിലവിലെ ജഡ്ജിയോ അടുത്ത കാലത്ത് വിരമിച്ചവരോ ആയ ജസ്റ്റിസുമാര്‍ക്ക് നിഷ്പക്ഷമായ അന്വേഷണം നടത്താനാവുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!