

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര സഹകരണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തില്‍ വിശ്വസിക്കുന്ന ഖത്തര്‍ എല്ലാ രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള പ്ലാറ്റ്‌ഫോമായി നില്‍ക്കുമെന്ന് ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി. ഐക്യരാഷ്ട്ര സഭയുടെ 76-ാമത് സെഷനിലെ സാമ്പത്തിക സമിതിയുടെ പ്രതിസന്ധി പ്രതിരോധവും വീണ്ടെടുക്കലും സെഷനില്‍ സംസാരിക്കുകയായിരുന്നു ഖത്തറിന്റെ സ്ഥിരം പ്രതിനിധി.

കോവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനും എല്ലാ പൗരന്മാരുടേയും താമസക്കാരുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഖത്തര്‍ നിരവധി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി പ്രസ്താവനയില്‍ വ്യക്തമാക്കി.

പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും വിദൂര പഠന പ്രക്രിയകള്‍ക്ക് തടസ്സമില്ലാതെ വേഗത്തില്‍ നീങ്ങാനും നിര്‍ണായകവും പ്രാപ്തവുമായ തരത്തില്‍ സാങ്കേതികവിദ്യയിലും ശാസ്ത്രത്തിലും കണ്ടെത്തലുകളിലുമാണ് ഖത്തറിന്റെ നിക്ഷേപം.
മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ തങ്ങളുടെ മുന്‍നിര പങ്ക് തുടരാന്‍ മടിക്കുന്നില്ലെന്നും പകര്‍ച്ചവ്യാധിയെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ 140 മില്യന്‍ ഡോളര്‍ കവിഞ്ഞ സംഭാവനകളാല്‍ പിന്തുണക്കുന്നതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

