

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് രാജ്യം ആതിഥേയത്വം വഹിക്കുന്നതിനിടയില്‍ ഖത്തറിലെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ചുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയത്തെ ശൂറാ കൗണ്‍സില്‍ അപലപിച്ചു. പ്രമേയം തെറ്റായ ആരോപണങ്ങളുടെയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെന്ന് കൗണ്‍സിലിന്റെ പ്രതിവാര സമ്മേളനത്തിനൊടുവില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം പറഞ്ഞു.

ഖത്തര്‍ ഭരണകൂടത്തെ ലക്ഷ്യമിട്ടുള്ള ആസൂത്രിതവും സംശയാസ്പദവും ഹീനവുമായ പ്രചാരണങ്ങള്‍ തുടരുകയാണ്. ലോകകപ്പ് കിക്ക്-ഓഫിന് ശേഷം ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അയവ് വന്നിട്ടില്ലെന്നും ആവേശവും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് ബഹുസാംസ്‌കാരിക ആരാധകരെ ഖത്തര്‍ ഊഷ്മളമായി സ്വാഗതം ചെയ്തതായും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. ബഹുമാനം, സാംസ്്കാരിക വൈവിധ്യം, സഹിഷ്ണുത, സാമൂഹിക ഉള്‍പ്പെടുത്തല്‍ എന്നിവയുടെ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നാണ് ഖത്തര്‍ ഫിഫ ലോകകപ്പ് 2022ന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അറബ്, മുസ്‌ലിം രാജ്യത്തെ അപലപിക്കുന്നവരെ പിന്തുണയ്ക്കുന്നതിനെ യൂറോപ്യന്‍ പാര്‍ലമെന്റ് അനുകൂലിക്കുന്നുവെന്നും ഇത് കാപട്യവും ഇരട്ടത്താപ്പും വംശീയതയും വെളിപ്പെടുത്തുന്ന നടപടിയാണെന്നും കൗണ്‍സില്‍ പറഞ്ഞു.

നിര്‍മാണ മേഖലയിലെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കൂടുതല്‍ പരിശോധിച്ച് പ്രൊഫഷണലിസത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സംശയം ജനിപ്പിക്കുന്ന അടിസ്ഥാനരഹിതവും വ്യാജവുമായ നീക്കങ്ങള്‍ ആവര്‍ത്തിച്ചതില്‍ ശൂറ കൗണ്‍സില്‍ ഖേദം പ്രകടിപ്പിച്ചു.
ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ഇടപെടല്‍, നിയമങ്ങള്‍ക്കെതിരെയും ഖത്തറി ജനതയുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ എന്നിവയെ കൗണ്‍സില്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.
മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഖത്തര്‍ ഇതുവരെ നിര്‍വഹിച്ചിട്ടില്ലെന്ന് കൗണ്‍സില്‍ പറഞ്ഞു. അമുസ്ലിംകള്‍ക്ക് അവരുടെ മതപരമായ ആചാരങ്ങള്‍ സ്വതന്ത്രമായി നിര്‍വഹിക്കാനുള്ള രാജ്യത്തിന്റെ താത്പര്യത്തിന് ഉദാഹരണമായി മത സമുച്ചയം സ്ഥാപിക്കുന്നത് എടുത്തുകാട്ടി.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ സംസ്‌കാരങ്ങളെയും ആഭിമുഖ്യങ്ങളെയും വിശ്വാസങ്ങളെയും ഖത്തര്‍ ഭരണകൂടവും അവിടത്തെ ജനങ്ങളും പൗരന്മാരും താമസക്കാരും ബഹുമാനിക്കുന്നുവെന്നും അതിനാല്‍ ഖത്തറിന്റെ സംസ്‌കാരം, മൂല്യങ്ങള്‍, സാമൂഹികവും മതപരവുമായ വിശ്വാസങ്ങള്‍ എന്നിവയെ മറ്റ് രാജ്യങ്ങള്‍ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു.
മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളോ ധാര്‍മ്മിക പാഠങ്ങളോ സ്വീകരിക്കാത്ത സ്വതന്ത്ര രാജ്യമാണ് ഖത്തറെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയും മാനിക്കണമെന്നും ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വത്തെ ലക്ഷ്യമിട്ടുള്ള ക്ഷുദ്ര പ്രചാരണങ്ങളില്‍ ഏര്‍പ്പെടരുതെന്നും ആവശ്യപ്പെട്ടു.

