

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വിജയകരമായി സംഘടിപ്പിച്ച മികവിന് ശൂറാ കൗണ്‍സില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം അധ്യക്ഷത വഹിച്ചു.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി എന്നിവര്‍ക്ക് ശൂറ കൗണ്‍സില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആതിഥേയത്വം വഹിച്ചതിന്റെ വിജയത്തില്‍ ഖത്തറി ജനതയ്ക്കും ഖത്തറിനും കൂടുതല്‍ വിജയങ്ങളും സമൃദ്ധിയും നേര്‍ന്ന ശൂറാ കൗണ്‍സില്‍ ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചും അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഖത്തര്‍ ദേശീയ ദിനത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഫൈനല്‍ ലോകം മുഴുവന്‍ കണ്ടതിനാല്‍ 2022 ഡിസംബര്‍ 18 ഞായറാഴ്ച ഖത്തറിന് അസാധാരണമായ ദിവസമാണെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നും എത്തിയ ആരാധകര്‍ക്കു മുമ്പില്‍ മികച്ച സംഘാടനമാണ് ഖത്തര്‍ ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. ടീമുകള്‍, പത്രങ്ങള്‍, അന്താരാഷ്ട്ര നെറ്റ്വര്‍ക്കുകള്‍, വിവിധ മാധ്യമങ്ങള്‍ എന്നിവ ഖത്തറിനെ പ്രശംസിച്ചതായി ശൂറാ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ കായിക ഇനത്തില്‍ അറബ്, ഇസ്‌ലാമിക മുദ്ര പതിപ്പിച്ചു പ്രദേശത്തിന്റെ ശരിയായ ചിത്രം അവതരിപ്പിക്കുന്നതിലും അറബ്, മുസ്‌ലിം ജനങ്ങളുടെ നിലവിലുള്ള നെഗറ്റീവ് സ്റ്റീരിയോടൈപ്പിക്കല്‍ ഇമേജ് മാറ്റുന്നതിലും ഖത്തര്‍ വിജയിച്ചതായും കൗണ്‍സില്‍ സ്ഥിരീകരിച്ചു.
അറബ്, ഇസ്ലാമിക സംസ്‌കാരങ്ങളും വിവിധ സംസ്‌കാരങ്ങളോടുള്ള തുറന്ന മനസ്സും ഇടകലര്‍ന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇത് വ്യക്തമായി പ്രകടമായെന്ന് ശൂറ കൗണ്‍സില്‍ സൂചിപ്പിച്ചു. ടൂര്‍ണമെന്റിന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആരാധകരാണ് ലഭിച്ചത്. ലോകകപ്പ് പൈതൃകത്തിന്റെ ഫലങ്ങള്‍ വളരെക്കാലമായി വിവിധ മേഖലകളില്‍ പ്രകടമാണെന്ന് കൗണ്‍സില്‍ സ്ഥിരീകരിച്ചു. അടിസ്ഥാന സൗകര്യ വികസനം, പൊതുഗതാഗതം ഉള്‍പ്പെടെ ഗതാഗത സൗകര്യങ്ങളുടെ മികവ്, ഒന്നിലധികം വിനോദ, ടൂറിസം, കായിക സൗകര്യങ്ങള്‍, പാര്‍ക്കുകളും പൂന്തോട്ടങ്ങളും തുടങ്ങിയവയെല്ലാം രാജ്യത്തുടനീളമുള്ള നവീകരണത്തെയാണ് പിന്തുണയ്ക്കുന്നത്. കൂടാതെ സംരംഭകത്വം, ഭിന്നശേഷിയുള്ളവരെ പിന്തുണയ്ക്കല്‍, സ്റ്റേഡിയങ്ങള്‍ തണുപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കല്‍, മുന്‍കൂര്‍ ആസൂത്രണവും ജ്ഞാനപൂര്‍വകമായ നേതൃത്വത്തിന്റെ മികച്ച കാഴ്ചപ്പാടും തുടങ്ങിയവയെല്ലാം ടൂര്‍ണമെന്റിനെ വിജയിപ്പിച്ചതായും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.

