

അങ്കമാലി: ചൊവ്വരയിലെ നൂറില്‍പരം വിദ്യാര്‍ഥികളും യുവാക്കളും അടങ്ങുന്ന കാല്‍പന്തു കളിക്കാരുടേയും ഫുട്‌ബോള്‍ പ്രേമികളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ലീഗ് മത്സരങ്ങളുടെ മാതൃകയില്‍ സംഘടിപ്പിച്ചിരിക്കുന്ന സില്‍വര്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചൊവ്വര പട്ടര്‍കുന്ന് പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റിന് തുടക്കമായി. എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആദ്യമത്സരങ്ങളുടെ ഉദ്ഘാടനം വാര്‍ഡ് അംഗം സിമി ജെജോയും മുന്‍ ലോക കേരള സഭാംഗവും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ്, ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി എന്നിവയുടെ ഭാരവാഹിയുമായ ജോണ്‍ഗില്‍ബര്‍ട്ടും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സൂപ്പര്‍, മാസ്റ്റര്‍, ഐ പി എല്‍ മാതൃകയില്‍ കളിക്കാരെ ലേലത്തില്‍ പിടിച്ചാണ് പങ്കെടുത്ത ക്ലബ്ബുകള്‍ ടീമുകള്‍ക്ക് രൂപം കൊടുത്തത്. ഇത്തരം മത്സരങ്ങളിലൂടെ പുതിയ അനേകം പ്രതിഭകളെ കണ്ടെത്താന്‍ കഴിയുമെന്നാണ് സംഘാടകരുടെ വിശ്വാസം. ഒപ്പം മികച്ച കളിക്കാരാകാനുള്ള പ്രചോദനം ഇത്തരം മത്സരങ്ങളിലൂടെ ലഭിക്കുമെന്ന് സംഘാടകര്‍ കരുതുന്നതായി ക്ലബ് മാനേജര്‍ വിഷ്ണു മോഹന്‍ പറഞ്ഞു.
