

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു സഹോദരിമാര്‍ പിതാവിനു മുമ്പില്‍ മുങ്ങി മരിച്ചു. പിതാവിനോടൊപ്പം കുളത്തിലെത്തിയ ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ റിന്‍ഷി (18), റമീഷ (23), നിഷിത (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

ഒരാള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. മൃതദേഹം മദര്‍ കെയര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. നിഷിതയും റമീഷയും ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ് ഇവരുടെ സഹോദരന്‍. മാതാവാണ് സഹോദരന് വൃക്ക നല്‍കിയത്. അതിനാല്‍ ഇരുവരും കിടപ്പിലായതിനാല്‍ പിതാവാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അലക്കാനും കുളിക്കാനുമായാണ് സഹോദരിമാര്‍ പിതാവിനൊപ്പം എത്തിയത്.
മക്കള്‍ മുങ്ങിപ്പോകുന്നതുകണ്ട് സ്തംഭബ്ധനായിപ്പോയ പിതാവിന്റെ ശബ്ദം പുറത്തുവരാതാവുകയും അദ്ദേഹത്തിന്റെ വെപ്രാളം ശ്രദ്ധയില്‍പ്പെട്ട അതിഥിത്തൊഴിലാളില്‍ വിവരം നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. നിഷിതയും റമീഷയും വിവാഹിതരാണ്.

