Connect with us

NEWS

അനിയന്ത്രിത ചെറുമത്സ്യബന്ധനം കേരളത്തിലെ സമുദ്രമത്സ്യമേഖലയ്ക്ക് നഷ്ടമുണ്ടാക്കുന്നുവെന്ന് ശില്‍പശാല

Published

on


കൊച്ചി: അനിയന്ത്രിത ചെറുമത്സ്യബന്ധനം കാരണം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാകുന്നെണ്ടെന്ന് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പിടിച്ച കിളിമീനുകളില്‍ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തേക്കാള്‍ (എം എല്‍ എസ്) ചെറുതായിരുന്നുവെന്നും ഈ ഗണത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യ മേഖലയ്ക്ക് സംവിച്ചിട്ടുള്ളതെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി എം എഫ് ആര്‍ ഐ) നടന്ന ശില്‍പശാലയില്‍ വിദഗ്ധര്‍ പറഞ്ഞു. ചെറുമീനുകളെ പിടിച്ചു കയറ്റുന്നതിലൂടെ സാമ്പത്തിക നഷ്ടത്തോടൊപ്പം മത്സ്യസമ്പത്ത് കുറയുന്നതിനും കാരണമാകുമെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ സമുദ്രമത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ വിവിധ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് ശില്‍പശാല നടന്നത്.

മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡണ്ട് ചാള്‍സ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മണ്ണെണ്ണ വിലക്കയറ്റവും മത്തിയുടെ കുറവും കാരണം മത്സ്യമേഖല ദുരിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജുകളോ സബ്സിഡികളോ അനുവദിക്കണം. ചെറുമീനുകളെ പിടിക്കുന്നതിന് തടയിടാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധനയാനങ്ങള്‍ക്ക് നിയന്ത്രണം വേണം. ചെറുമീനുകളെ പിടിക്കുന്നത് തടയുന്ന എം എല്‍ എസ് നിയമം എല്ലാ തീരദേശസംസ്ഥാനങ്ങളിലും ഒരുപേലെ നടപ്പിലാക്കണം. കാലാവസ്ഥാവ്യതിയാനം, മലിനീകരണം എന്നിവയും സമുദ്രമത്സ്യസമ്പത്തിന് വിനയാകുന്നുണ്ടെന്നും ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു.

സി എം എഫ് ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ. ടി എം നജ്മുദ്ധീന്‍, ഡോ. എന്‍ അശ്വതി, സി ഐ എഫ് ടി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് എം വി ബൈജു, എം പി ഇ ഡി എയെ പ്രതിനിധീകരിച്ച് സന്തോഷ് എന്‍ കെ എന്നിവര്‍ വിഷയമവതരിപ്പിച്ചു.

ഡോ. പി ലക്ഷ്മിലത, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം എസ് സാജു, ടി വി ജയന്‍ പ്രസംഗിച്ചു. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളെ പ്രനിധികള്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


error: Content is protected !!