

ആലുവ: ശതാബ്ദിയാഘോഷിക്കുന്ന ആലുവ നഗരത്തിൽ മൂത്രശങ്ക തീർക്കാനിടമില്ല. പൊതുജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുൻപ് ഇ ടോയ്ലെറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, നഗരസഭ അധികൃതരുടെ അനാസ്ഥ മൂലം അധികം താമസിയാതെ തന്നെ ഇവയെല്ലാം നശിച്ചു തുടങ്ങിയിരുന്നു.

നിലവിൽ
നഗരത്തിലെ ഇ ടോയ്ലെറ്റുകൾ സാമൂഹിക വിരുദ്ധരുടേയും മദ്യപാനികളുടേയും താവളമായി മാറിയിരിക്കുകയാണ്. ടോയ്ലെറ്റുകൾ സ്ഥാപിച്ചതിലുള്ള അശാസ്ത്രീയതയും പരിപാലനത്തിന് നഗരസഭ തയ്യാറല്ലാത്തതുമാണ് ജനങ്ങൾക്ക് ഇവ ഉപകാരപ്രദമല്ലാതാക്കി മാറ്റിയത്. ഇതോടെ അക്രമികൾക്ക് ഒരു താവളമായി ഇവയെല്ലാം മാറിയ അവസ്ഥയാണ്. ഇതുമൂലം തിരക്കേറിയ നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ടത്ര സൗകര്യമില്ലാത്ത സ്ഥിതിയാണുള്ളത്.

നഗരസഭയുടെ അഭിമാന പദ്ധതിയായി നടപ്പിലാക്കിയ ഇ ടോയ്ലെറ്റുകൾ കാലങ്ങളായി നശിച്ചു കിടക്കുകയാണ്. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി ആറ് ഇ ടോയ്ലെറ്റുകളാണ് ഉള്ളത്. ഇവ സ്ഥാപിച്ചത് സൗകര്യപ്രദമായ പ്രദേശങ്ങളിലായിരുന്നില്ല. അതിനാൽ തന്നെ തുടക്കം മുതൽ ഇതൊരു പരാജയമായിരുന്നു.
സ്ത്രീകൾക്ക് സ്വകാര്യത ലഭിക്കാത്തതാണ് പരാജയമാകാനുള്ള പ്രധാന കാരണം. ബാങ്ക് കവലയിലെ നഗരസഭയുടെ പാർക്ക് അവന്യു ഷോപ്പിങ് കോംപ്ലക്സ്, പമ്പ് കവലയിൽ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് പരിസരം എന്നിവിടങ്ങളിൽ ഓരോന്ന് വീതവും എം ജി ടൗൺ ഹാളിന് മുൻവശത്തെ ഗാന്ധി സ്ക്വയർ, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ രണ്ട് വീതവും ടോയ്ലെറ്റുകളാണുള്ളത്. നിലവിൽ ഇവയെല്ലാം നശിച്ച് കിടക്കുകയാണ്.
ഗാന്ധി സ്ക്വയറിൽ രാപകൽ ഭേദമന്യേ സാമൂഹിക വിരുദ്ധരുടെയും യാചകരുടേയും സാന്നിധ്യമാണുള്ളത്. ടോയ്ലെറ്റുകൾക്ക് സമീപമുള്ള മരത്തിന്റെ തണലിലാണ് ഇവരുടെ വിശ്രമം. അതിനാൽ തന്നെ സ്ത്രീകൾക്ക് ഈ ഭാഗാത്തേക്ക് പോലും കടക്കാൻ കഴിയില്ല.
നിലവിൽ ടോയ്ലെറ്റുകൾ സാമൂഹിക വിരുദ്ധരും മദ്യപാനികളും അവരുടേതായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. ഇവയിൽ കയറി മദ്യപിക്കുന്നവർ ഇതിൽ തന്നെ കിടന്ന് ഉറങ്ങുന്നുമുണ്ട്. ബസ് സ്റ്റാൻഡിലും ഇവ നിലവിൽ മദ്യപാനികളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. പമ്പ് കവലയിൽ ബസ് സ്റ്റോപ്പിനും ഓട്ടോറിക്ഷ സ്റ്റാൻഡിനും സമീപത്തായതിനാലും ഇതേ പ്രശ്നമുണ്ട്. ഇ ടോയ്ലെറ്റുകൾ തുടക്കം മുതലേ സാങ്കേതിക പ്രശ്നങ്ങൾ കാണിച്ചിരുന്നു. ബാങ്ക് കവലയിലെ ടോയ്ലെറ്റിൽ തുടക്ക സമയത്ത് തന്നെ ഒരു വൃദ്ധൻ കുടുങ്ങിയ സംഭവവുമുണ്ടായിരുന്നു. ഇത്തരത്തിൽ തുടക്കം മുതൽ നഗരസഭ അധികൃതർ ടോയ്ലെറ്റുകളുടെ കാര്യത്തിൽ അശ്രദ്ധ കാണിച്ചിരുന്നു. ഇതിന്റെ ഫലമായി കാലക്രമേണ എല്ലാം നശിച്ചുപോയി. ടോയ്ലെറ്റുകൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന അവസ്ഥയിൽ ആക്കാനോ കരാറുകാരനെ കൊണ്ട് കൃത്യമായി അറ്റകുറ്റപ്പണി നടത്തിക്കാനോ അധികൃതർ തയ്യാറാവുന്നില്ല.

