Entertainment
മലൈക്കോട്ടൈ വാലിബനിലെ ‘മദഭരമിഴിയോരം’ ഗാനം റിലീസായി
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. പി എസ് റഫീഖ് എഴുതിയ മദഭരമിഴിയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ള ആണ്. ജനുവരി 25ന് പ്രേക്ഷകരിലേക്കെത്തുന്ന മലൈക്കോട്ടൈ വാലിബന്‍ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175ല്‍ പരം സ്‌ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രൊമോഷന്‍ പരിപാടികളാണ് വരും നാളുകളില്‍ വാലിബന്‍ ടീം സംഘടിപ്പിക്കുന്നത്.
സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.