18-ാം പതിപ്പുമായി ‘സ്‌പെക്ട്ര 2026’; ഐ സി ആര്‍ എഫ് കലാമേള നവംബര്‍ 13ന്

Web Desk
2 Min Read

മനാമ: ഐ സി ആര്‍ എഫ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന കലാമത്സരമായ സ്‌പെക്ട്ര 2026 നവംബര്‍ 13ന് ഇന്ത്യന്‍ സ്‌കൂള്‍ ഈസ ടൗണ്‍ ക്യാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളിലെ കലാപരമായ കഴിവുകളും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന വാര്‍ഷിക ചിത്രരചനാ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കും.

city exchange

2009ല്‍ ആരംഭിച്ച സ്‌പെക്ട്രയുടെ 18-ാമത് പതിപ്പാണിത്. ബഹ്റൈനിലെ വിവിധ ഇന്ത്യന്‍, ബഹ്റൈന്‍, മറ്റ് കരിക്കുലം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ 23ന് നടന്ന സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍ ബഹ്റൈനിലെ 35 സ്‌കൂളുകളില്‍ നിന്നായി 50ഓളം അധ്യാപകര്‍ പങ്കെടുത്തു. മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ നവംബര്‍ 5ന് അവസാനിക്കും. സ്‌കൂളുകളും സ്ഥാപനങ്ങളും വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകുക.

മത്സരാര്‍ഥികളെ നാല് പ്രായവിഭാഗങ്ങളായി തിരിക്കും: 5 മുതല്‍ 8 വയസ്സ് വരെ, 8 മുതല്‍ 11 വയസ്സ് വരെ, 11 മുതല്‍ 14 വയസ്സ് വരെ, 14 മുതല്‍ 18 വയസ്സ് വരെ.

- Advertisement -
Ad image

മുതിര്‍ന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാകും.
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൗജന്യ ഡ്രോയിംഗ് സാമഗ്രികള്‍ നല്‍കും. ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് വിജയികള്‍ക്ക്
ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓരോ പ്രായവിഭാഗത്തിലെയും മികച്ച 50 പേര്‍ക്ക് മെഡലുകളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

മത്സരത്തിലെ മികച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത സൃഷ്ടികള്‍ 2027ലെ ഐ സി ആര്‍ എഫ് വാള്‍, ഡെസ്‌ക് കലണ്ടറുകളില്‍ ഉള്‍പ്പെടുത്തും. കലണ്ടറുകളുടെ പ്രകാശനം 2026 ഡിസംബറില്‍ നടക്കും.

സ്‌പെക്ട്രയുമായി പത്ത് വര്‍ഷത്തിലേറെയായി സഹകരിക്കുന്ന അധ്യാപകരെ പ്രത്യേകമായി ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സ്‌പെക്ടയ്ക്ക് വര്‍ഷങ്ങളായി പിന്തുണയും പ്രചാരണവും നല്‍കിയ മാധ്യമ സ്ഥാപനങ്ങളെയും ഐ സി ആര്‍ എഫ് കലണ്ടര്‍ പ്രകാശന ചടങ്ങില്‍ ആദരിക്കുമെന്നും ഐ സി ആര്‍ എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഐ സി ആര്‍ എഫ് ചെയര്‍മാന്‍ അഡ്വ. വി കെ തോമസ്, ജനറല്‍ സെക്രട്ടറി അനീഷ് ശ്രീധരന്‍, വൈസ് ചെയര്‍മാന്‍ പങ്കജ് നല്ലൂര്‍, ട്രഷറര്‍ ഉദയ് ഷാന്‍ഭാഗ്, ഉപദേശകരായ ഡോ. ബാബു രാമചന്ദ്രന്‍, അരുള്‍ദാസ് തോമസ്, സ്‌പെക്ട്ര ജോയിന്റ് കണ്‍വീനര്‍മാരായ ശ്രീധര്‍ എസ്, സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!