ശ്രീനാരായണ ഗുരുദേവ ജയന്തി: ‘ട്രിബ്യൂട്ട് ടു ബഹ്‌റൈന്‍’ ഒക്ടോബര്‍ 9ന്

Web Desk
2 Min Read

മനാമ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയും ബഹ്‌റൈന്‍ ബില്ലവാസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ട്രിബ്യൂട്ട് ടു ബഹ്‌റൈന്‍ എഡിഷന്‍ ത്രി’ ഒക്ടോബര്‍ 9ന് വൈകിട്ട് 6ന് ബഹ്‌റൈന്‍ കേരളീയ സമാജം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

‘സംസ്‌കാരങ്ങളുടെ സംഗമവും മാനവികതയുടെ ആത്മാവും’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈന്‍ ഭരണാധികാരി കിംഗ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും ക്രൗണ്‍ പ്രിന്‍സും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്കുമുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

ശിവഗിരി മഠം മുന്‍ അധ്യക്ഷനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ ഭദ്രദീപം തെളിയിച്ച് പരിപാടിക്ക് തുടക്കം കുറിക്കും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി കെ ഹരിപ്രസാദ്, കേരള നിയമസഭാംഗം ചാണ്ടി ഉമ്മന്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ബി കെ ജി ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ. കെ ജി ബാബുരാജന്‍, അമാദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പമ്പാവാസന്‍ നായര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

- Advertisement -
Ad image

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനായി ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

ഗോകുലം ഗോപാലന് ശ്രീനാരായണ ഗുരു എക്‌സലന്‍സ് അവാര്‍ഡും ഡോ. കെ ജി ബാബുരാജന് ശ്രീനാരായണ ഗുരു കര്‍മ്മശ്രേഷ്ഠ അവാര്‍ഡും പമ്പാവാസന്‍ നായര്‍ക്ക് ശ്രീനാരായണ ഗുരു ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും അശോക് കുമാറിന് ശ്രീനാരായണ ഗുരു സേവാ അവാര്‍ഡും നല്‍കും.

ഫത്താറാം ചന്ദേലിയക്കും ബിശ്വാസ് കൃഷ്ണ നാരായണനും ക്രോസ് ബോര്‍ഡര്‍ ലീഡര്‍ഷിപ്പ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കും.

ചടങ്ങിനോടനുബന്ധിച്ച് സരിഗമപ ഫെയിം ലിബിന്‍ സക്കറിയയും കീര്‍ത്തനയും അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

എസ് എന്‍ സി എസ് ചെയര്‍മാന്‍ സുനീഷ് സുശീലന്‍, ജനറല്‍ സെക്രട്ടറി പ്രകാശ് കെ പി, ബഹ്‌റൈന്‍ ബില്ലവാസ് പ്രസിഡന്റ് രാജ് സുവര്‍ണ, ജനറല്‍ സെക്രട്ടറി കുല്‍ദീപ് അമീന്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍മാരായ ദേവരാജ് കെ ജി, ഹരീഷ് പൂജാരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.

Share This Article
Leave a Comment
error: Content is protected !!