

തൃപ്രയാര്‍: സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള ഇടങ്ങളാണ് പാര്‍ലമെന്റുകളെന്നും അവയുടെ അടിസ്ഥാന ധര്‍മം നിര്‍വഹിക്കാന്‍ ആവശ്യമായ സ്വാതന്ത്ര്യം ഭരണകൂടം അനുവദിക്കണമെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് പറഞ്ഞു. എസ് എസ് എഫ് തൃശൂര്‍ ജില്ല കമ്മിറ്റി ചേര്‍പ്പ് സാം പാലസില്‍ സംഘടിപ്പിച്ച കാമ്പസ് വിദ്യാര്‍ഥികളുടെ കോണ്‍ഫറന്‍സായ ജില്ല കാമ്പസ് അസംബ്ലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംവാദങ്ങള്‍ക്ക് വിമുഖത കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യ സംവാദങ്ങള്‍ക്ക് വേദിയാകേണ്ട പാര്‍ലമെന്റിനെ അസ്വാതന്ത്ര്യത്തിന്റെ ഇടമായി ചുരുക്കി കളയുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ലെറ്റ്‌സ് സ്‌മൈല്‍, ഇറ്റ്‌സ് ചാരിറ്റി’ എന്ന പ്രമേയത്തില്‍ നടന്ന കാമ്പസ് അസംബ്ലി ജില്ല പ്രസിഡണ്ട് ശിഹാബ് സഖാഫിയുടെ അധ്യക്ഷതയില്‍ പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ ഡോ. ടി വി സജീവ് (കെ എഫ് ആര്‍ ഐ സീനിയര്‍ പ്രിന്‍സിപ്പല്‍) ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളിലായി നടന്ന പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സാദിഖ് സഖാഫി പെരിന്താറ്റിരി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍, അനസ് അമാനി കണ്ണൂര്‍, മുഹമ്മദലി കിനാലൂര്‍, ഡോ. നൂറുദ്ദീന്‍ റാസി ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ നൗഫല്‍ തങ്ങള്‍, സ്വാഗത സംഘം കണ്‍വീനര്‍ അമീര്‍ തളിക്കുളം, ജില്ലാ ഫിനാന്‍സ് സെക്രട്ടറി ഹുസൈന്‍ ഫാളിലി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനസ് ചേലക്കര സ്വാഗതവും താഹിര്‍ ചേറ്റുവ നന്ദിയും പറഞ്ഞു.

