സ്റ്റാന്‍സ്വാമിയുടെ അറസ്റ്റും കസ്റ്റഡി മരണവും ജ്യുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണം

Web Desk
2 Min Read

കൊച്ചി: ഇന്ത്യയിലെ അരികുവത്കരിക്കപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് സ്റ്റാന്‍ സ്വാമിയുടേതെന്നും ദലിതരോടും ആദിവാസികളോടും പക്ഷം ചേര്‍ന്നുവെന്നതിന്റെ പേരില്‍ എണ്‍പത്തിനാലുകാരനായ ആ പാര്‍ക്കിന്‍സണ്‍ രോഗിയോട് ഭരണകൂടവും നീതിപീഠവും ചെയ്തുകൂട്ടിയ ക്രൂരതകള്‍ക്ക് കാലം മാപ്പുകൊടുക്കില്ലയെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ കൃത്രിമം കാണിച്ചു തെളിവുണ്ടാക്കിയതെന്ന വെളിപ്പെടുത്തലെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും കസ്റ്റഡി പീഡനങ്ങളും ജ്യുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

city exchange

അമേരിക്കന്‍ വെബ് ഫോറന്‍സിക് വിദഗ്ധരായ ആര്‍സനെല്‍ നടത്തിയ ശാസ്ത്രീയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്റ്റാന്‍ സ്വാമിക്ക് മരണാനന്തരമെങ്കിലും നീതി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് നടത്തിയ നീതി സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടത്തിന് ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റുചെയ്യാനും നിയമത്തിനുമുന്നില്‍ ഹാജരാക്കാതെ എത്രകാലം വേണമെങ്കിലും തടവില്‍ പാര്‍പ്പിക്കാനും അധികാരം നല്‍കുന്ന യു എ പി എ നിയമം പിന്‍വലിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യന്‍ കാത്തലിക് പ്രസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് അഭിപ്രായപ്പെട്ടു. ഇനിയും ഇത്തരം അനീതികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്നവരുടെ നാവുകള്‍ ഛേദിക്കപ്പെടാതിരിക്കാനും ഇന്ത്യന്‍ ജനസമൂഹം ഒന്നായി ഉണരണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

വിവിധ മനുഷ്യാവകാശ സംഘടനാ പ്രതിനിധികള്‍ മണ്‍ ചെരാതുകള്‍ കത്തിച്ചുകൊണ്ട് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. യു എ പി എയെന്ന കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് നല്‍കാനുള്ള മെമ്മോറാണ്ടത്തിന്റെ ഒപ്പുശേഖരണവും നടത്തി.

ഐ എച്ച് ആര്‍ ഡബ്ല്യു ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. ഫാ. ബിനോയ് ജേക്കബ്, ജോസഫ് ആഞ്ഞിപ്പറമ്പില്‍, പി എ ഷാനവാസ്, പ്രഫ. സൂസന്‍ ജോണ്‍. തോമസ് മാത്യു, എം എസ് അഗസ്റ്റിന്‍, പി എ പ്രേംബാബു, ജോര്‍ജ്ജ് കാട്ടുനിലത്ത്, സി. അഡ്വ. ടീന ജോസ്, കെ പി സേതുനാഥ്, ഡോ. എം ഡി ആലീസ്, അഡ്വ, കെ വി ഭദ്രകുമാരി, അസൂറ ടീച്ചര്‍, കെ ഡി മാര്‍ട്ടിന്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, സന്തോഷ് മരട്, സ്റ്റാന്‍ലി പൗലോസ്, കബീര്‍ ഷാ, ലോനപ്പന്‍ കോനുപറമ്പന്‍, ബാബു ഈരത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!