

ദോഹ: 2022ല്‍ ഖത്തറിന്റെ വാര്‍ഷിക ജല ഉത്പാദനം 671 മില്യന്‍ ക്യൂബിക്ക് മീറ്ററായെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍ (കഹറാമ) അറിയിച്ചു. ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ ജലം ഉറപ്പുവരുത്താന്‍ കഹറാമ തുടര്‍ച്ചയായി നിര്‍വഹിക്കുന്ന വിവിധ പദ്ധതികളിലൂടെയാണ് നേട്ടം കൊയ്തത്.

പുതിയ ജല നെറ്റ്‌വര്‍ക്ക് 100 എം എമ്മില്‍ നിന്നും 1600 എം എമ്മിലേക്ക് 151 കിലോമീറ്റര്‍ വര്‍ധിപ്പിച്ചു. ഇതോടെ നഗര മേഖലകളില്‍ ജലവിതരണത്തിന്റെ മികവുകള്‍ വര്‍ധിച്ചു. ഖത്തറിലെ ജലസുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 64 മില്യന്‍ ഗ്യാലന്‍ ജലം മെഗാ റിസര്‍വോയര്‍ പദ്ധതികളില്‍ ചേര്‍ത്തു. പദ്ധതിയുടെ ആകെ ശേഖരിക്കാനാവുന്നതിന്റെ നാലര ശതമാനമാണിത്. കഴിഞ്ഞ വര്‍ഷത്തെ 2332 മില്യന്‍ ഗ്യാലന്‍ ശേഖരിക്കാന്‍ സാധിക്കുന്ന സ്ഥാനത്ത് നിലവില്‍ 2396 മില്യന്‍ ഗ്യാലനായി വര്‍ധിച്ചിട്ടുണ്ട്. സാധ്യമാകുന്ന പരമാവധി മഴവെള്ളം സംഭരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജലസംഭരണത്തിനായി 313 കിണറുകള്‍ നവീകരിക്കുകയും ചെയ്തു.

രാജ്യത്തെ ശുദ്ധജലത്തിന്റെ നിലവാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി 11500 കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധനകള്‍ നിര്‍വഹിച്ചു.

