കോഴിക്കോട് കലക്ടറേറ്റിലെ സമരം പിന്‍വലിച്ചു

Web Desk
2 Min Read

കോഴിക്കോട്: റവന്യൂ വകുപ്പിലെ ജീവനക്കാരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് ഭാഗികമായി റദ്ദാക്കി. ഇതോടെ കലക്ടറേറ്റില്‍ സി പി എം സംഘടനയായ എന്‍ ജി ഒ യൂനിയന്‍ 11 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു.

city exchange

ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എച്ച് സി, ആര്‍ ഐ, വില്ലേജ് ഓഫിസര്‍ ഗ്രേഡില്‍ പെട്ട 16 പേരെയാണ് സ്ഥലം മാറ്റിയിരുന്നത്. ഇതില്‍ അഞ്ച് വില്ലേജ് ഓഫിസര്‍മാരെ മാറ്റിയതാണ് പിന്‍വലിച്ചത്. ഇതോടെ സമരം പിന്‍വലിച്ച യൂനിയന്‍ പ്രവര്‍ത്തര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രകടനം നടത്തി.

ഈമാസം 10നായിരുന്നു ജീവനക്കാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
സി പി ഐ സര്‍വിസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ താല്‍പര്യപ്രകാരമാണ് സ്ഥലം മാറ്റമെന്നും ഇത് അംഗീകരിക്കില്ലെന്നുമായിരുന്നു എന്‍ ജി ഒ യൂനിയന്റെ നിലപാട്. സമരത്തിനായി ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ഇറങ്ങുന്നതിനാല്‍ കലക്ടറേറ്റിലെ ഓഫിസുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു.

- Advertisement -
Ad image

കലക്ടറേറ്റില്‍ നടന്നുവന്ന അന്യായ സമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സ്ഥലംമാറ്റ ഉത്തരവിലെ അഞ്ച്പേരെ മാറ്റാന്‍ പത്തുദിവസം സമരം ചെയ്തത് നാണക്കേടാണ്. കളക്ടറോടും എ ഡി എമ്മിനോടും സമരക്കാര്‍ മാന്യമായല്ല പെരുമാറിയത്. സമരം തുടങ്ങിയ ദിവസം മുതല്‍ തെറിവിളിയും ഭീഷണിയും വെല്ലുവിളിയുമായിരുന്നു. പക്ഷേ കളക്ടറും എ ഡി എമ്മും വളരെ മാന്യമായാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. ഉത്തരവ് പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്ന് പറഞ്ഞവര്‍ ഒടുവില്‍ പൊതുജനം കൈകാര്യം ചെയ്യും എന്ന നില വന്നപ്പോഴാണ് അഞ്ച് പേരെ മാറ്റി നിര്‍ത്താന്‍ സമ്മതിച്ച് സമരം അവസാനിപ്പിച്ച് പിന്തിരിഞ്ഞ് പോയതെന്നും ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കലക്ടറേറ്റില്‍ കഴിഞ്ഞ പത്ത് ദിവസമായി നടത്തിയ സമരം മൂലം പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ പ്രയാസങ്ങള്‍ക്ക് ഭരണപക്ഷ സര്‍വിസ് സംഘടനകള്‍ മാപ്പ് പറയണമെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പറഞ്ഞു.

ഭരണവിലാസം സംഘടനകളുടെ സമരം അപഹാസ്യമായിരുന്നു. അധികാര വടംവലിയും മൂപ്പിളമ തര്‍ക്കവും മാത്രമാണ് സമരത്തിന് പിന്നിലുള്ളത്. എല്ലാ വകുപ്പുകളിലും പൊതുസ്ഥല മാറ്റ മാനദണ്ഡങ്ങള്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, എം ടി മധു, ബിനു കോറോത്ത്, എം ഷിബു, ടി ഹരിദാസന്‍, സിജു കെ നായര്‍, കെ കെ പ്രമോദ് കുമാര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!