
ദോഹ: കത്താറ ഇന്റര്നാഷണല് ഹണ്ടിംഗ് ആന്ഡ് ഫാല്ക്കണ്റി എക്സിബിഷന് (സുഹൈല് 2026) പത്താം പതിപ്പ് സമാപിച്ചു. അഞ്ചുദിവസം നീണ്ട പ്രദര്ശനത്തില് 80,000ത്തിലധികം പേരാണ് സന്ദര്ശകരായി എത്തിയത്. വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ നടന്ന പ്രദര്ശനം ഒരു ദശാബ്ദം പിന്നിടുമ്പോള് ഫാല്ക്കണ്റി, വേട്ടയാടല്, പൈതൃകം എന്നിവ കേന്ദ്രീകരിച്ചുള്ള ലോകത്തെ പ്രമുഖ പ്രത്യേക പ്രദര്ശനങ്ങളിലൊന്നായി സുഹൈല് മാറിയതായി സംഘാടകര് വ്യക്തമാക്കി.

പൈതൃകം, നവീനത, സമ്പദ്വ്യവസ്ഥ, വിനോദസഞ്ചാരം എന്നിവയെ ഒരേ വേദിയില് സമന്വയിപ്പിക്കുന്ന ആഗോള വേദിയായും സുഹൈല് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.

കള്ച്ചറല് വില്ലേജ് ഫൗണ്ടേഷന് (കത്താറ) ജനറല് മാനേജറും സുഹൈല് എക്സിബിഷന് സുപ്രിം ഓര്ഗനൈസിങ് കമ്മിറ്റി ചെയര്മാനുമായ ഡോ. ഖാലിദ് ബിന് ഇബ്രാഹിം അല് സുലൈത്തി കമ്മിറ്റി അംഗങ്ങളെയും മത്സരവിജയികളെയും സ്പോണ്സര്മാരെയും സഹകരിച്ച സ്ഥാപനങ്ങളെയും ആദരിച്ചു. പവിലിയന് എ16ന്റെ ഉടമയായ ഡി ടി എസ് മികച്ച പങ്കാളിത്ത പവിലിയനുള്ള പുരസ്കാരം നേടി. 15,000 ഖത്തര് റിയാലാണ് സമ്മാനം.
മികച്ച ഗാരേജിനുള്ള പുരസ്കാരം ഡെസര്ട്ട് എന്ജിന് സ്വന്തമാക്കി. ഇവര്ക്കും 15,000 ഖത്തര് റിയാലാണ് സമ്മാനം. മികച്ച ഫാല്ക്കണ് ഹുഡ് മത്സരത്തില് അല്-ഹൂര് ഷോപ്പിന്റെ ഹുഡ് നമ്പര് 7 ഒന്നാം സ്ഥാനം നേടി. റാഹി അല് നവാദര് ഷോപ്പിന്റെ ഹുഡ് നമ്പര് 10 രണ്ടാം സ്ഥാനവും അല്-ഷുവൈല് ഷോപ്പിന്റെ ഹുഡ് നമ്പര് 13 മൂന്നാം സ്ഥാനവും നേടി.
പത്താം പതിപ്പില് ഉന്നതതല ഔദ്യോഗിക സന്ദര്ശനങ്ങളും ശ്രദ്ധേയമായി. ഖത്തറിന്റെ പൈതൃക സംരക്ഷണത്തിലും അതിന്റെ ദേശീയ- അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും സുഹൈല് വഹിക്കുന്ന പ്രധാന പങ്കാണ് ഈ സന്ദര്ശനങ്ങള് വ്യക്തമാക്കിയത്. പൈതൃകം, സമ്പദ്വ്യവസ്ഥ, വിനോദസഞ്ചാരം, വാണിജ്യം, നവീനത എന്നിവയെ ഒരുമിപ്പിക്കുന്ന വേദിയായി സുഹൈലിനുള്ള പ്രാധാന്യവും ഇത് അടിവരയിട്ടു.
സമാപന ദിവസവും വിവിധ പരിപാടികളാല് സജീവമായിരുന്നു. സുഹൈല് ഫാല്ക്കണ് ലേലത്തിന്റെ സമാപനമായിരുന്നു പ്രധാന ആകര്ഷണം. ഖത്തറിലും വിദേശത്തുമുള്ള ഫാല്ക്കണ് വളര്ത്തല്- വേട്ടയാടല് രംഗത്തെ വിദഗ്ധരും ആരാധകരും ലേലത്തില് വലിയ താത്പര്യം പ്രകടിപ്പിച്ചു. അപൂര്വവും വിലമതിക്കാനാവാത്തതുമായ നിരവധി ഫാല്ക്കണുകള്ക്കായി ശക്തമായ മത്സരമാണ് നടന്നത്. ലേലത്തിന്റെ വര്ധിച്ചുവരുന്ന പ്രാധാന്യത്തിന്റെയും പ്രദര്ശനത്തിലെ പ്രധാന ആകര്ഷണമെന്ന നിലയിലുള്ള അതിന്റെ സ്ഥാനത്തിന്റെയും തെളിവായിരുന്നു ശക്തമായ ലേലപങ്കാളിത്തം.
സുഹൈല് എക്സിബിഷന് സുപ്രിം ഓര്ഗനൈസിംഗ് കമ്മിറ്റി വൈസ് ചെയര്മാന് മുഹമ്മദ് ബിന് അബ്ദുല്ലതീഫ് അല് മിസ്നദ് ഖത്തര് ന്യൂസ് ഏജന്സിയോട് സംസാരിക്കവെ, പത്താം പതിപ്പ് വലിയ വിജയമായിരുന്നുവെന്ന് പറഞ്ഞു. ഉദ്ഘാടന ദിവസം മുതല് അവസാന മണിക്കൂറുകള് വരെയും സന്ദര്ശകരുടെ മികച്ച സാന്നിധ്യം തുടര്ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഫാല്ക്കണ്റി, വേട്ടയാടല് സീസണിന് തുടക്കം കുറിക്കുന്ന വേദിയായും പ്രദര്ശനം മാറിയെന്ന് അല് മിസ്നദ് പറഞ്ഞു. ഫാല്ക്കണുകള് ഉള്പ്പെടെയുള്ള പക്ഷികള്, വേട്ടയാടല് യാത്രകള്ക്കാവശ്യമായ ഉപകരണങ്ങള്, മറ്റ് അനുബന്ധ സാമഗ്രികള്, വാഹന സജ്ജീകരണങ്ങള് തുടങ്ങി മേഖലയില് താത്പര്യമുള്ളവര്ക്ക് ആവശ്യമായ വൈവിധ്യമാര്ന്ന ഉത്പന്നങ്ങള് ഇവിടെ ലഭ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ശക്തമായ താത്പര്യവും ജനപങ്കാളിത്തവും ലഭിക്കുന്നതിനാല് പക്ഷി ലേലമാണ് പ്രദര്ശനത്തിന്റെ പ്രധാന ആകര്ഷണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള മികച്ച ഫാല്ക്കണുകളെയും പാര്ട്രിഡ്ജുകളെയും ഒരേ വേദിയില് സ്വന്തമാക്കാനുള്ള അവസരമാണ് ലേലം ഫാല്ക്കണ് വളര്ത്തല് രംഗത്തുള്ളവര്ക്ക് നല്കുന്നതെന്നും അല് മിസ്നദ് വ്യക്തമാക്കി.
പ്രദര്ശനത്തിലുടനീളം രേഖപ്പെടുത്തിയ റെക്കോര്ഡ് സന്ദര്ശക പങ്കാളിത്തം സുഹൈലിനോടുള്ള വര്ധിച്ചുവരുന്ന താത്പര്യത്തിന്റെ തെളിവാണെന്നും ഈ പതിപ്പിനായി നിശ്ചയിച്ച ലക്ഷ്യങ്ങള് പൂര്ണമായും കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. സന്ദര്ശക പങ്കാളിത്തം, ആരാധകരുടെ ആവശ്യങ്ങള് നിറവേറ്റല്, അനുബന്ധ പരിപാടികളുടെ വിജയം തുടങ്ങിയ മേഖലകളിലെല്ലാം മികച്ച നേട്ടം കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത പതിപ്പിനെക്കുറിച്ചുള്ള ആലോചനകള് കമ്മിറ്റി ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അല് മിസ്നദ് പറഞ്ഞു. ഇത്തവണത്തെ വിജയത്തോടെ പ്രദര്ശനത്തെ കൂടുതല് വികസിപ്പിക്കാനും പങ്കാളികളുടെയും സന്ദര്ശകരുടെയും പ്രതീക്ഷകള് നിറവേറ്റുന്ന പുതിയ പതിപ്പ് ഒരുക്കാനുമുള്ള ഉത്തരവാദിത്തം വര്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഫാല്ക്കണ് വളര്ത്തല്, വേട്ടയാടല് മേഖലകളിലെ വിദഗ്ധരെയും താത്പര്യക്കാരെയും ഒരുമിപ്പിക്കുന്ന അന്താരാഷ്ട്ര വേദിയെന്ന സുഹൈലിന്റെ സ്ഥാനം കൂടുതല് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സുഹൈല് എക്സിബിഷന് ഡയറക്ടര് അബ്ദുല് അസീസ് അല് ബുഹൈഷിം അഞ്ചുദിവസത്തെ പരിപാടികള്ക്ക് മികച്ച ഫലങ്ങളോടെയാണ് സമാപനം കുറിച്ചതെന്ന് പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള പ്രത്യേക പ്രദര്ശനങ്ങളുടെ നിരയില് സുഹൈലിന്റെ സ്ഥാനം കൂടുതല് ശക്തിപ്പെടുത്തുന്ന നേട്ടങ്ങളാണ് ഇത്തവണ കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
80,000ത്തിലധികം സന്ദര്ശകര് പ്രദര്ശനത്തിലെത്തിയതോടൊപ്പം വിവിധ പവിലിയനുകളില് ശക്തമായ വാണിജ്യ പ്രവര്ത്തനങ്ങളും ശ്രദ്ധേയമായ ജനപങ്കാളിത്തവും ഉണ്ടായിരുന്നുവെന്ന് അല് ബുഹൈഷിം പറഞ്ഞു.
പ്രദര്ശന പവിലിയനുകളിലെ സന്ദര്ശനങ്ങളിലും സുഹൈല് ഫാല്ക്കണ് ലേലത്തിലും ഈ വാണിജ്യ സജീവത നേരിട്ട് കാണാനായതായി അദ്ദേഹം വ്യക്തമാക്കി. മികച്ചതും അപൂര്വവുമായ ഫാല്ക്കണുകളാണ് ലേലത്തില് അവതരിപ്പിച്ചത്.
വേട്ടയാടല്, മരുഭൂമി വേട്ട, ഫാല്ക്കണ്റി, വാഹന സജ്ജീകരണം, ക്യാമ്പിങ് തുടങ്ങിയ മേഖലകളിലെ താത്പര്യക്കാരെ സേവിക്കുന്ന പ്രത്യേക വേദിയെന്ന നിലയില് സുഹൈലിന്റെ വ്യക്തിത്വം കൂടുതല് ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേവലം ഒരു വാണിജ്യ പ്രദര്ശനം സംഘടിപ്പിക്കുക എന്നതില് നിന്ന് മാറി, വിവിധ രാജ്യങ്ങളില് നിന്നുള്ള താത്പര്യക്കാരെയും മേഖലയിലെ പങ്കാളികളെയും ഒരുമിപ്പിക്കുന്ന പ്രത്യേക വേദി സൃഷ്ടിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സുഹൈലിന്റെ സവിശേഷതയും വ്യക്തിത്വവും നിലനിര്ത്തിക്കൊണ്ട് പ്രദര്ശനത്തെ മികച്ച രീതിയില് അവതരിപ്പിക്കാന് സംഘാടക സമിതി പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് അല് ബുഹൈഷിം പറഞ്ഞു. ഇത്തവണ കൈവരിച്ച നേട്ടങ്ങള് പ്രദര്ശനത്തിന്റെ ലക്ഷ്യങ്ങള് വിജയകരമായി കൈവരിച്ചതിന്റെയും മികച്ച സംഘാടനത്തിന്റെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സുഹൈല് 2026 സുപ്രിം ഓര്ഗനൈസിങ് കമ്മിറ്റി അംഗവും സെക്രട്ടറിയുമായ മലീക മുഹമ്മദ് അല് ഷറൈം, പത്താം പതിപ്പിന് മികച്ച മാധ്യമ ശ്രദ്ധ ലഭിച്ചതായി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിച്ച് സമാപനം വരെ വിവിധ പരിപാടികള് മാധ്യമങ്ങള് വ്യാപകമായി റിപ്പോര്ട്ട് ചെയ്തതോടെ പ്രദര്ശനത്തിന്റെ സമഗ്രമായ ചിത്രം പൊതുജനങ്ങളിലെത്തിക്കാന് കഴിഞ്ഞുവെന്നും അവര് വ്യക്തമാക്കി.
ദേശീയ, അറബ്, അന്താരാഷ്ട്ര മാധ്യമങ്ങള്ക്കൊപ്പം ഡിജിറ്റല് പ്ലാറ്റ്ഫോമുകളും സമൂഹ മാധ്യമങ്ങളും സുഹൈല് 2026ന്റെ വിവിധ പരിപാടികള്ക്ക് വിപുലമായ പ്രചാരണം നല്കിയതായി അല് ഷറൈം പറഞ്ഞു. ഇതിലൂടെ പ്രദര്ശനത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള അവബോധം വര്ധിപ്പിക്കാനും സാധിച്ചു.
പരമ്പരാഗത പ്രദര്ശനത്തിന്റെ പരിധിക്കപ്പുറം ഫാല്ക്കണ്റി, പൈതൃകം, സമ്പദ്വ്യവസ്ഥ, വിനോദസഞ്ചാരം, നവീനത എന്നിവയെ ഒരുമിപ്പിക്കുന്ന വേദിയായി സുഹൈലിനെ അവതരിപ്പിക്കുന്നതില് മാധ്യമങ്ങള് നിര്ണായക പങ്കുവഹിച്ചതായും അവര് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള കമ്പനികള്, വിദഗ്ധര്, പൈതൃകത്തില് താത്പര്യമുള്ളവര് എന്നിവര്ക്കിടയില് ആശയവിനിമയത്തിനും സഹകരണത്തിനും പ്രദര്ശനം അവസരമൊരുക്കുന്നതായും അവര് വ്യക്തമാക്കി.
സുഹൈലിന്റെ തുടര്വികസനത്തില് മാധ്യമങ്ങളെ തന്ത്രപ്രധാന പങ്കാളിയായാണ് സംഘാടക സമിതി കാണുന്നതെന്ന് അല് ഷറൈം പറഞ്ഞു. പ്രദര്ശനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഖത്തറിന്റെ പൈതൃകത്തിന് അന്താരാഷ്ട്ര തലത്തില് കൂടുതല് ശ്രദ്ധ നേടിക്കൊടുക്കുന്നതിനും മാധ്യമങ്ങള്ക്ക് നിര്ണായക പങ്കുണ്ടെന്നും അവര് വ്യക്തമാക്കി.
പത്താം പതിപ്പ് പരമ്പരാഗത വേട്ടയാടല്, ഫാല്ക്കണ്റി ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പരിധി കടന്ന് സുസ്ഥിര വേട്ടയാടല് അനുഭവങ്ങള്, ലോജിസ്റ്റിക് സേവനങ്ങള്, പുരാവസ്തു കേന്ദ്രങ്ങളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചതോടെ പ്രദര്ശനത്തിന്റെ വലുപ്പവും വൈവിധ്യവും കൂടുതല് വര്ധിച്ചതായി സംഘാടകര് ചൂണ്ടിക്കാട്ടി.
ഒരു ദശാബ്ദം പിന്നിടുമ്പോള് ആവേശം, പൈതൃകം, നവീനത എന്നിവയുടെ തുടര്ച്ചയായ യാത്രയാണ് സുഹൈല് പൂര്ത്തിയാക്കിയിരിക്കുന്നത്. ഫാല്ക്കണ്റി, വേട്ടയാടല്, പൈതൃകം എന്നീ മേഖലകളിലെ ലോകത്തെ പ്രമുഖ പ്രത്യേക വേദികളിലൊന്നായി സുഹൈല് ഇതിനകം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

