ടെറ്റ് സുപ്രിം കോടതി വിധി; സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: കെ എ ടി എഫ്

Web Desk
2 Min Read

മലപ്പുറം: സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിര്‍ബന്ധമാക്കിയ സുപ്രിം കോടതി വിധി പതിനായിരക്കണക്കിന് അധ്യാപകരെ ആശങ്കയിലാക്കിയതിനാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

വിധി പ്രാബല്യത്തില്‍ വന്നാല്‍ നിയമന സമയത്ത് ആവശ്യമായ യോഗ്യതകള്‍ നേടിയ അധ്യാപകര്‍ പോലും ജോലിയില്‍ നിന്ന് പുറത്താകേണ്ട അവസ്ഥയിലേക്ക് എത്തുമെന്ന് സ്ഥിതിയാണുള്ളത്. അത് സങ്കീര്‍ണ്ണമായ നിയമക്കുരുക്കിലേക്ക് നീളുകയും നിയമന സമയത്ത് തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യോഗ്യതകള്‍ പാലിച്ചവരെ പിന്നീട് അധിക യോഗ്യതകള്‍ക്കായി നിര്‍ബന്ധിക്കുന്നത് ഗുരുതരമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് അധ്യാപകരുടെ നിലനില്‍പിനേയും അടിസ്ഥാനാവകാശങ്ങളേയും ബാധിക്കുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.

സേവനത്തിലിരിക്കുന്ന അധ്യാപകര്‍ വീണ്ടും പരീക്ഷകള്‍ക്കായി തയ്യാറെടുക്കേണ്ട സാഹചര്യം വന്നാല്‍ അത് പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ഥികളുടെ ഭാവിയെയും ബാധിക്കുന്ന തരത്തില്‍ അധ്യാപകരെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ കാരണമാകുമെന്ന് കെ എ ടി എഫ് വിലയിരുത്തി.

സംസ്ഥാനത്തെ പതിനായിരക്കണക്കിന് അധ്യാപകരെ സുപ്രിം കോടതി വിധി നേരിട്ട് ബാധിക്കും. ഇവരെ വീണ്ടും യോഗ്യതാ പരീക്ഷയ്ക്ക് വിധേയരാക്കുന്നത് തൊഴില്‍ മേഖലയില്‍ അസ്വസ്ഥതയും അനിശ്ചിതത്വവും സൃഷ്ടിക്കുമെന്ന് കെ എ ടി എഫ് മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image

പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്. അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി രംഗത്ത് വരണമെന്നും നിയമന സമയത്ത് നിര്‍ദ്ദേശിച്ച യോഗ്യത മതിയെന്ന നിലപാട് വ്യക്തമാക്കണമെന്നും കെ എ ടി എഫ് ആവശ്യപ്പെട്ടു.

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് എം ടി. സൈനുല്‍ ആബിദീന്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട്, സംസ്ഥാന സീനീയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി, കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ എ പി ബഷീര്‍, നൗഷാദ് കോപ്പിലാന്‍, എം എ റഷീദ് മദനി, എം പി അബ്ദുസ്സലാം, എം എ സാദിഖ്, മുഹമ്മദലി മിഷ്‌കാത്തി, സി പി മുഹമ്മദ് കുട്ടി, നൗഷാദ് മണ്ണിശ്ശേരി, നൂറുല്‍ അമീന്‍ കെ, ടി സി അബ്ദുല്ലത്തീഫ്, ഒ എം യഹിയാഖാന്‍, അബ്ദുല്‍ ജൈസല്‍ വടകര, അബ്ദുറഷീദ് ഖാസിമി, കെ കെ റംലത്ത് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!