
കോഴിക്കോട്:

1921 ലെ മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സ് നവംബര്‍ 28 നു കോഴിക്കോട്ട് നടക്കും. കെ പി കേശവമേനോന്‍ ഹാളില്‍ കാലത്ത് 9 മണിക്ക് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാനപ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിക്കും.
1921 സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതികാലങ്ങള്‍ എന്ന പ്രമേയത്തില്‍ മലബാര്‍ സമരകേന്ദ്രങ്ങളില്‍ സ്മൃതി സംഗമം,ജില്ലാതലങ്ങളില്‍ ഹിസ്റ്റോറിക്കല്‍ ഡയലോഗ് പരിപാടികളുടെ തുടര്‍ച്ചയായാണ് സംസ്ഥാനതലത്തില്‍ അക്കാദമിക് കോണ്‍ഫറന്‍സ് നടക്കുന്നത്. ചരിത്രത്തോട് സത്യസന്ധരാവുക എന്നത് ആധുനിക ജനാധിപത്യസമൂഹത്തില്‍ അനിവാര്യമായും പ്രകടമാകേണ്ട മൂല്യമാണ്. രാഷ്ട്രീയവും വര്‍ഗീയവുമായ സങ്കുചിത ലക്ഷ്യങ്ങളുടെ പേരില്‍ ചരിത്ര നായകരെ നിന്ദിക്കുകയും ചരിത്ര സന്ദര്‍ഭങ്ങളെ അവമതിക്കുകയും ചെയ്യുന്നത് രാജ്യതാല്പര്യങ്ങളെ ഹനിക്കുന്നതിനു തുല്യമാണ്. ചരിത്രാഖ്യാനങ്ങളെ മുന്നില്‍വെച്ച് ആശയപരമായ സംവാദങ്ങള്‍ക്ക് സന്നദ്ധമാകാതെ വര്‍ഗീയമായ ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയാണ്. ജനങ്ങളെ മതപരമായി പിളര്‍ത്താന്‍ ചരിത്രത്തെ പോലും ദുരുപയോഗിക്കുന്നു എന്ന ദുഃഖകരമായ സാഹചര്യം നിലനില്‍ക്കുന്നു. ബഹുമത സമൂഹം ഒറ്റമനസോടെ സമരം ചെയ്തു നേടിയെടുത്തതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം.അതിനെ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും അനവരതം സംഭവിക്കുന്നു. ഇത്തരം പ്രതിലോമനീക്കങ്ങളെ ചരിത്രബോധം കൊണ്ട് ചെറുത്തുതോല്‍പിക്കപ്പെടണമെന്നാണ് എസ് വൈ എസ് കരുതുന്നത്. അതിന്റെ ഭാഗമായാണ് മലബാര്‍ സമരത്തിന്റെ സ്വാതന്ത്ര്യമൂല്യങ്ങളെ ചരിത്രപരതയില്‍ നിന്നുകൊണ്ട് ചര്‍ച്ചചെയ്യുന്ന വ്യത്യസ്ത പരിപാടികള്‍ എസ് വൈ എസ് സംഘടിപ്പിച്ചത്.
ചരിത്രനിര്‍മിതി; സ്വഭാവവും വൈവിധ്യവും, സമരാനന്തര മലബാറും രാഷ്ട്രീയ, വികസന പരിപ്രേക്ഷ്യവും, മലബാറിലെ സാമൂഹിക ജീവിതവും സ്വാതന്ത്ര്യധാരകളും, അധിനിവേശത്തിലെയും ചെറുത്തുനില്പിലെയും വിശ്വാസവും സാമുദായികതയും, ദേശീയ പ്രസ്ഥാനവും ഖിലാഫത് മൂവ്മെന്റും എന്നീ പ്രമേയങ്ങള്‍ അക്കാദമിക് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. ഡോ. പി ജെ വിന്‍സെന്റ്, ഡോ.ഹുസ്സൈന്‍ രണ്ടത്താണി, ഡോ. കെ എസ് മാധവന്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ.പി ശിവദാസന്‍ വിഷയമവതരിപ്പിക്കും. ഡോ. നുഐമാന്‍, ഡോ.എം നിസാര്‍, മുസ്തഫ പി.എറയ്ക്കല്‍, എന്‍ എം സാദിഖ് സഖാഫി, ഉമൈര്‍ ബുഖാരി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വൈകുന്നേരം നാലു മണിക്ക് സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി (ജന. സെക്രട്ടറി എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റി )വി പി എം ബശീര്‍ പറവന്നൂര്‍ (സെക്രട്ടറി എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റി),മുഹമ്മദലി കിനാലൂര്‍ (സെക്രട്ടറി, സ്വാഗത സംഘം)പങ്കെടുത്തു.

