

കാന്‍: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഇന്ത്യക്കാരിക്ക്. കൊല്‍ക്കത്ത സ്വദേശിയായ അനസൂയ സെന്‍ഗുപ്തയാണ് മികച്ച അഭിനേത്രി. ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റാന്റില്‍ ബോജനോവിന്റെ ഹിന്ദി ചിത്രമായ ദി ഷെയിംലെസിലെ പ്രകടനത്തിനാണ് അണ്‍ സെര്‍ട്ടണ്‍ റിഗാര്‍ഡ് വിഭാഗത്തില്‍ അനസൂയ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച നടിക്കുള്ള പുരസ്‌ക്കാരം ഇന്ത്യക്കാരിക്ക് ലഭിക്കുന്നത് ആദ്യമായാണ്.

അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ലോകമെമ്പാടുമുള്ള ക്വിയര്‍ സമൂഹത്തിനും മറ്റു അരികുവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കുമാണ് അനസൂയ പുരസ്‌കാരം സമര്‍പ്പിച്ചത്. സമൂഹത്തിന്റെ സമത്വത്തിനു വേണ്ടി പോരാടാന്‍ നിങ്ങള്‍ ക്വിയര്‍ സമുദായത്തില്‍ നിന്നുള്ള വ്യക്തിയാകേണ്ട ആവശ്യമില്ല, അരികുവത്കരണത്തിന്റെ പ്രശ്‌നങ്ങള്‍ അറിയാന്‍ നിങ്ങള്‍ അവരില്‍ ഒരാള്‍ ആകേണ്ടതില്ല, പകരം വളരെ മര്യാദയുള്ള ഒരു മനുഷ്യന്‍ ആയിരുന്നാല്‍ മാത്രം മതിയാകുമെന്ന് മറുപടി പ്രസംഗത്തില്‍ അനസൂയ വ്യക്തമാക്കി.

മെയ് 17നാണ് ദി ഷെയിംലെസ് കാനില്‍ പ്രദര്‍ശിപ്പിച്ചത്. ലൈംഗിക തൊഴിലാളികളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. മിത വസിഷ്ഠ്, തന്‍മയ് ധനാനിയ, റോഹിത് കോക്കേട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
