

കൊടുങ്ങല്ലൂര്‍: പ്രളയം ദുരന്തം വിതച്ച ഭൂമികയിലേക്ക് മനം നിറഞ്ഞ സ്‌നേഹ വിഭവങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ് വൈ എസ് സാന്ത്വനം, എസ് എസ് എഫ് എന്നീ സംഘടനകള്‍ സംയുക്തമായി സമാഹരിച്ച ഇരുപത് ടണ്‍ ഭക്ഷ്യ- അവശ്യ വിഭവങ്ങളുമായി അഞ്ച് ലോറികളിലാണ് ദുരന്ത ഭൂമികയിലേക്ക് ആശ്വാസമായെത്തിയത്. തൃശ്ശൂര്‍ ജില്ലയിലെ വ്യാപാരികള്‍, മഹല്ലുകള്‍, കുടുംബങ്ങളില്‍ നിന്നാണ് പുതിയ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ചെരിപ്പുകള്‍, ഭക്ഷ്യ വിഭവങ്ങള്‍ സമാഹരിച്ചത്.

കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ എസ് വൈ എസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി യു ഷെമീര്‍ വിഭവങ്ങളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വ്വഹിച്ചു. സംസ്ഥാന ഡയറക്ടറേറ്റ് അംഗം പി എച്ച് സിറാജുദ്ദീന്‍ സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് അബ്ദുഹാജി കാതിയാളം, എസ് വൈ എസ് ജില്ലാ സെക്രട്ടറി ടി എ മിദ്ലാജ്, കേരള മുസ്ലിം ജമാഅത്ത് കൊടുങ്ങല്ലൂര്‍ സോണ്‍ പ്രസിഡന്റ് ഐ മുഹമ്മദ് കുട്ടി സുഹ് രി എന്നിവര്‍ സംസാരിച്ചു. എസ് വൈ എസ് കൊടുങ്ങല്ലൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി നവാസ് ചേരമാന്‍, സെക്രട്ടറി കെ.എം റാഫിദ് സഖാഫി, എസ് വൈ എസ് കൈപമംഗലം സോണ്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അല്‍ബുഖാരി തങ്ങള്‍, ആഷിഖ് സഖാഫി അഴീക്കോട് എന്നിവര്‍ സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ കെ.എ മാഹിന്‍ സുഹ്‌രി സ്വാഗതവും അഡ്വ. ബദ്‌റുദ്ദീന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
