
ദോഹ: ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) ഖത്തര്‍ പ്രസിഡന്റും വത്നാന്‍ ഹോള്‍ഡിങ് ചീഫ് സ്ട്രാറ്റജിക് അഡൈ്വസറുമായ താഹാ മുഹമ്മദ് അബ്ദുല്‍ കരീം കൊളംബിയയിലെ മെഡെല്ലിനില്‍ നടന്ന ഹൊറാസിസ് ഗ്ലോബല്‍ ഉച്ചകോടി 2026ല്‍ പ്രഭാഷകനായി പങ്കെടുത്തു.

‘ബില്‍ഡിങ് ടുമാറോ’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ ആഗോള ബിസിനസ് രംഗത്തെ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, ചിന്തകര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ആഗോള സാമ്പത്തിക രംഗത്തെ പരിവര്‍ത്തനം, സാങ്കേതിക മുന്നേറ്റം, രാജ്യാന്തര സഹകരണം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചര്‍ച്ചകള്‍. കൊളംബിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 53 രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പ്രഭാഷകരും വിദഗ്ധരും ഉച്ചകോടിയില്‍ പങ്കെടുത്തു.

‘ദ പോളിമാത്ത് ലീഡര്‍ ഇന്‍ എ വേള്‍ഡ് ഓഫ് ഡിസ്ട്രിബ്യൂട്ടഡ് ഇന്റലിജന്‍സ്’ എന്ന ഉന്നതതല പാനല്‍ ചര്‍ച്ചയിലാണ് അബ്ദുല്‍ കരീം ആശയങ്ങള്‍ പങ്കുവെച്ചത്. നിര്‍മിതബുദ്ധി (എഐ), പ്രത്യേക വൈദഗ്ധ്യം, തീരുമാനമെടുക്കാനുള്ള ശേഷി എന്നിവ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയിലായി വ്യാപിക്കുന്ന സാഹചര്യത്തില്‍ നേതൃത്വത്തിന്റെ സ്വഭാവത്തിലും സമീപനത്തിലും വരേണ്ട മാറ്റങ്ങളാണ് ചര്‍ച്ചയുടെ കേന്ദ്രവിഷയം.
വിവിധ തൊഴില്‍ മേഖലകളില്‍ നിന്നും വിജ്ഞാനശാഖകളില്‍ നിന്നുമുള്ള രാജ്യാന്തര പ്രതിനിധികളോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത അദ്ദേഹം, ഭാവിയിലെ നേതൃത്വത്തിന്റെ കരുത്ത് അറിവ് സമ്പാദിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. വ്യത്യസ്ത വിജ്ഞാനശാഖകളെ പരസ്പരം ബന്ധിപ്പിക്കാനും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ ഏകോപിപ്പിക്കാനും കൂട്ടായ ബുദ്ധിശേഷിയെ പ്രായോഗികവും അര്‍ഥവത്തുമായ പ്രവര്‍ത്തനങ്ങളാക്കി മാറ്റാനുമുള്ള കഴിവാണ് നേതൃത്വത്തിന് നിര്‍ണായകമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്ത്രപരമായ ഉപദേശം, സ്ഥാപനപരമായ പരിവര്‍ത്തനം, ബിസിനസ് നേതൃത്വം എന്നീ മേഖലകളിലെ അനുഭവങ്ങള്‍ പങ്കുവെച്ച അദ്ദേഹം, സാങ്കേതികവിദ്യയെക്കുറിച്ചുള്ള അവബോധം, വിവിധ വിജ്ഞാനശാഖകളെ ഏകോപിപ്പിച്ചുള്ള ചിന്ത, വൈകാരിക ബുദ്ധിശക്തി, ശക്തമായ സ്ഥാപനമൂല്യങ്ങള്‍ എന്നിവ സമന്വയിപ്പിച്ച നേതൃത്വസമീപനത്തിന്റെ ആവശ്യകതയും വ്യക്തമാക്കി.
നവീകരണം, നേതൃത്വവികസനം, സാമ്പത്തിക പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലെ രാജ്യാന്തര ചര്‍ച്ചകളില്‍ ഖത്തറിന്റെ മാറിവരുന്ന ബിസിനസ് സാഹചര്യങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിന്റെ പങ്കാളിത്തത്തിലൂടെ സാധിച്ചു. വിജ്ഞാനാധിഷ്ഠിത സാമ്പത്തിക വികസനം, സാങ്കേതിക മുന്നേറ്റം, രാജ്യാന്തര സഹകരണം എന്നിവയ്ക്ക് ഖത്തര്‍ നല്കുന്ന പ്രാധാന്യവും ഇത് പ്രതിഫലിപ്പിച്ചു.
ഐ ബി പി സി ഖത്തര്‍ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹവും ഖത്തറിന്റെ വിശാലമായ സാമ്പത്തിക മേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും രാജ്യാന്തര ബിസിനസ് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും അബ്ദുല്‍ കരീം സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. വത്നാന്‍ ഹോള്‍ഡിങ്ങിന്റെ ചീഫ് സ്ട്രാറ്റജിക് അഡൈ്വസര്‍ എന്ന നിലയില്‍ തന്ത്രപരമായ വികസനം, സ്ഥാപനപരമായ മാറ്റങ്ങള്‍, ദീര്‍ഘകാല മൂല്യസൃഷ്ടി തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
ലോക സാമ്പത്തിക ഫോറത്തിന്റെ മുന്‍ ഡയറക്ടറായിരുന്ന ഡോ. ഫ്രാങ്ക്- യുര്‍ഗന്‍ റിക്ടര്‍ സ്ഥാപിച്ച രാജ്യാന്തര വേദിയാണ് ഹൊറാസിസ്. ആഗോള വെല്ലുവിളികള്‍ക്ക് സംയുക്ത പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ വേദി പ്രവര്‍ത്തിക്കുന്നത്. ബിസിനസ്, സമൂഹം, ആഗോള സമ്പദ്വ്യവസ്ഥ എന്നിവയുടെ ഭാവി സംബന്ധിച്ച ആശയങ്ങള്‍ കൈമാറുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നുമുള്ള നേതാക്കളെ ഹൊറാസിസ് ഉച്ചകോടികള്‍ ഒരുമിപ്പിക്കുന്നു.
സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയ്ക്കിടയിലും മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് അബ്ദുല്‍ കരീം പറഞ്ഞു:
‘ബുദ്ധിശേഷി കൂടുതല്‍ വ്യാപകമായി ലഭ്യമാകുന്ന സാഹചര്യത്തില്‍ മനുഷ്യരാശി കൂടുതല്‍ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകണം. സാങ്കേതികവിദ്യ നമ്മുടെ കഴിവുകള്‍ വികസിപ്പിച്ചേക്കാം. എന്നാല്‍ അതിന്റെ ഉപയോഗത്തെ നയിക്കേണ്ടത് നമ്മുടെ സ്വഭാവഗുണങ്ങളും വിവേചനബുദ്ധിയും ഉത്തരവാദിത്തബോധവുമാണ്. ബുദ്ധിശക്തി കൈവശമുള്ളവര്‍ക്കു മാത്രമല്ല, അതിനെ കൃത്യമായ ലക്ഷ്യബോധവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നവര്‍ക്കുമായിരിക്കും ഭാവി.’
നവീകരണം, ഉത്തരവാദിത്തപൂര്‍ണമായ സാങ്കേതികവിദ്യ, നേതൃത്വത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിലെ രാജ്യാന്തര സംവാദങ്ങളില്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് രംഗത്തെ പ്രമുഖരുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതിന്റെ പ്രതിഫലനമായി അബ്ദുല്‍ കരീമിന്റെ പങ്കാളിത്തം. ആഗോള വിജ്ഞാനത്തെ മാനുഷിക മൂല്യങ്ങളുമായും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായും ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഉച്ചകോടിയിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ അടിവരയിട്ടു.

