
ദോഹ: ഖത്തറിലെ പുതിയ ആറ് രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിക്ക് അധികാരപത്രം സമര്‍പ്പിച്ചു. അമീരി ദിവാനിലെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ഡെപ്യൂട്ടി അമീര്‍ പുതിയ അംബാസഡര്‍മാരില്‍നിന്ന് അധികാരപത്രങ്ങള്‍ സ്വീകരിച്ചത്.

സിയറ ലിയോണ്‍ റിപ്പബ്ലിക്കിന്റെ അംബാസഡര്‍ പ്രൊഫ. ഫോദേ എം ജവാര്‍ഡ്, ഹംഗറി അംബാസഡര്‍ ഡേവിഡ് ആംബ്രോസ്, അയര്‍ലന്‍ഡ് റിപ്പബ്ലിക്കിന്റെ അംബാസഡര്‍ ഫെര്‍ഗല്‍ മൈത്തന്‍ എന്നിവരാണ് അധികാരപത്രം സമര്‍പ്പിച്ചത്.

ലിത്വാനിയ റിപ്പബ്ലിക്കിന്റെ അംബാസഡര്‍ എര്‍നെസ്റ്റാസ് മിക്കൂസ്, ഡെന്‍മാര്‍ക്ക് രാജ്യത്തിന്റെ അംബാസഡര്‍ സോറന്‍ യാക്കോബ്‌സണ്‍, ഭൂട്ടാന്‍ രാജ്യത്തിന്റെ അംബാസഡര്‍ ഫുബ് ദോര്‍ജി എന്നിവരും ഡെപ്യൂട്ടി അമീറിന് അധികാരപത്രങ്ങള്‍ കൈമാറി.
പുതിയ അംബാസഡര്‍മാരെ സ്വാഗതം ചെയ്ത ഡെപ്യൂട്ടി അമീര്‍, ഔദ്യോഗിക ചുമതലകളില്‍ അവര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. ഖത്തറും അതത് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണം വികസിപ്പിക്കാനും കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അംബാസഡര്‍മാര്‍ തങ്ങളുടെ രാഷ്ട്രത്തലവന്മാരുടെ ആശംസകള്‍ അമീറിനെയും ഡെപ്യൂട്ടി അമീറിനെയും അറിയിച്ചു. ഖത്തര്‍ ജനതയുടെ തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.
അമീരി ദിവാനിലെത്തിയ പുതിയ അംബാസഡര്‍മാര്‍ക്ക് ഔദ്യോഗിക സ്വീകരണവും ഒരുക്കിയിരുന്നു.

