NEWS
ടി സി എസ് റൂറല്‍ ഐ ടി ക്വിസ് രജിസ്ട്രേഷന്‍ തുടങ്ങി
മലപ്പുറം: ടി സി എസ് റൂറല്‍ ഐ ടി ക്വിസിന്റെ ഇരുപത്തഞ്ചാമത് പതിപ്പിനായി രജിസ്ട്രേഷന്‍ ആരംഭിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ്, ഐ ടി, ബി ടി, ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ ടെസ്റ്റുകള്‍, വിര്‍ച്വല്‍, ഫിസിക്കല്‍ ക്വിസ് എന്നിവ അടങ്ങിയതായിരിക്കും മത്സരം. ചെറിയ പട്ടണങ്ങളിലും ജില്ലകളിലും നിന്നുള്ള 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ഇതില്‍ പങ്കെടുക്കാനായി പ്രോല്‍സാഹിപ്പിക്കുന്നത്. സിറ്റി കോര്‍പറേഷന്‍ പരിധികളിലെ സ്‌കൂളുകളില്‍ നിന്നുള്ളവര്‍ക്ക് ക്വിസില്‍ പങ്കെടുക്കാനാവില്ല.
ടെക്‌നോളജി എന്‍വയോണ്‍മെന്റ്, ബിസിനസ്, അതിലെ ആളുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്ലൗഡ് കമ്പ്യൂട്ടിംഗും ഉള്‍പ്പെടെയുള്ള പുതിയ പ്രവണതകള്‍ തുടങ്ങി സാങ്കേതികവിദ്യാ ഉപയോഗത്തിന്റെ വിവിധ മേഖലകളിലായിരിക്കും ക്വിസ് പ്രധാനമായും ശ്രദ്ധ പതിപ്പിക്കുക.
ബാങ്കിങ്, വിദ്യാഭ്യാസം, വിനോദം, പുസ്തകങ്ങള്‍, മള്‍ട്ടീമീഡിയ, സംഗീതം, സിനിമ, ഇന്റര്‍നെറ്റ്, പരസ്യം, കായിക മേഖല, ഗെയിമിങ്, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയ ഐ ടി സ്വാധീനം ചെലുത്തുന്ന മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളും ക്വിസ് മത്സരത്തിലുണ്ടാകും.
ഇന്ത്യയിലെമ്പാടുമായി എട്ട് മേഖലാ ഫൈനലുകളാവും ഉണ്ടാകുക. ഓരോ മേഖലാ ഫൈനലുകളിലെ വിജയികളേയും 2024 നവംബറില്‍ ബെംഗലൂരുവില്‍ നടത്തുന്ന ദേശീയ ഫൈനല്‍സിനു ക്ഷണിക്കും. എല്ലാ മേഖലാ ജേതാക്കള്‍ക്കും 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും രണ്ടാം സ്ഥാനക്കാര്‍ക്ക് 7,000 രൂപയുടെ വൗച്ചറുകളും ലഭിക്കും. മത്സരത്തിലെ ദേശീയ ജേതാവിന് ഒരു ലക്ഷം രൂപയുടെ ടി സി എസ് എജ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ് സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുടെ സ്‌കോളര്‍ഷിപും ലഭിക്കും.
ടി സി എസ് റൂറല്‍ ഐ ടി ക്വിസില്‍ പങ്കെടുക്കുന്നതിന് https://iur.ls/tcsruralitquiz2024reg എന്ന വെബ്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് 2024 ഒക്ടോബര്‍ ഒന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാം. ടി സി എസ് റൂറല്‍ ഐ ടി ക്വിസിന്റെ മുന്‍ പതിപ്പില്‍ അഞ്ചര ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്തിരുന്നു.