Featured
വിദ്യാഭ്യാസ സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ച് ഖത്തര്‍
ദോഹ: വിദ്യാഭ്യാസം ഭാവിയിലേക്കുള്ള ഒരു പാത മാത്രമല്ല മറിച്ച് മെച്ചപ്പെട്ട ലോകത്തിന്റെ അടിത്തറയാണെന്നും ഊന്നിപ്പറഞ്ഞു വിദ്യാഭ്യാസത്തെ മൗലികാവകാശമായും മറ്റെല്ലാ അവകാശങ്ങളുടെയും അടിസ്ഥാനശിലയായും സംരക്ഷിക്കാനുള്ള പ്രതിബദ്ധത പുതുക്കി ഖത്തര്‍.
ആക്രമിക്കപ്പെടുന്നതില്‍ നിന്ന് വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള അഞ്ചാമത് അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ജനീവയില്‍ നടന്ന ഉന്നതതല പരിപാടിയില്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ നടത്തിയ റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ വിദ്യാഭ്യാസം ഭക്ഷണവും മരുന്നും പോലെ അനിവാര്യമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി പഠനം തുടരാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം വിദ്യാഭ്യാസ സൗകര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നതില്‍ ഖേദം പ്രകടിപ്പിച്ച അവര്‍ ഈ വിഷയത്തില്‍ സ്‌കൂളുകള്‍ക്കു നേരെ ബോംബേറുണ്ടാകുന്നതും അധ്യാപകര്‍ കൊല്ലപ്പെടുന്നതും ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതും ഞെട്ടിക്കുന്ന ഓരോ സ്ഥിതിവിവരക്കണക്കിന് പിന്നിലുമുണ്ടെന്നും പറഞ്ഞു.
ഏറ്റവും ദുഷ്‌കരവും ഭയാനകവുമായ സാഹചര്യങ്ങളില്‍പ്പോലും എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയില്‍ ഖത്തര്‍ ഉറച്ചുനില്‍ക്കുന്നതായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ചൂണ്ടിക്കാട്ടി. ഖത്തര്‍ ആഗോള വിദ്യാഭ്യാസ അജണ്ട മുന്‍കൈയെടുത്ത് പ്രോത്സാഹിപ്പിച്ചതായി വിശദീകരിച്ചു.