

കൊച്ചി: അധ്യാപനം കേവലം ഒരു തൊഴിലല്ലെന്നും അതൊരു ദൗത്യമാണെന്നും വിദ്യാര്‍ഥികളുടെ ഭാവി രൂപപ്പെടുത്തുന്ന ശില്പികളാണ് അധ്യാപകരെന്നും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാര്‍ അഭിപ്രായപ്പെട്ടു. കുന്നുംപുറം നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിരമിക്കുന്ന പ്രധാനാധ്യപിക ബിന്ദു കെ, പ്രിന്‍സിപ്പാള്‍ ലാലി സി എല്‍ എന്നിവര്‍ക്ക് പി ടി എ കമ്മിറ്റി നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകര്‍ അവരുടെ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. വിദ്യാര്‍ഥികളുടെ സ്വഭാവ രൂപീകരണത്തിലും അറിവ് പകരുന്നതിലും അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. ഒരു നല്ല അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളെ ശരിയായ പാതയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ അധ്യാപനം എന്നത് വളരെ ഉത്തരവാദിത്തമുള്ള ഒരു കാര്യമാണ്.


അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുമായി ആത്മബന്ധം സ്ഥാപിക്കാന്‍ കഴിയണം. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും അധ്യാപകര്‍ക്ക് സാധിക്കണം. വിദ്യാര്‍ഥികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കണം. ഓരോ വിദ്യാര്‍ഥിക്കും അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് വളരാനുള്ള അവസരം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി ടി എ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപിക ബിന്ദു കെ, പ്രിന്‍സിപ്പാള്‍ ലാലി സി എല്‍ എന്നിവര്‍ക്ക് അദ്ദേഹം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

യാത്രയയപ്പിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗം പുറത്തിറക്കിയ ‘കുന്നുംപുറത്തെ വിശേഷങ്ങള്‍’ എന്ന സ്മരണിക വാര്‍ഡ് കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍ പ്രകാശനം ചെയ്തു. റോഷ്‌നി എ ആര്‍, മുഹമ്മദ് ഹസ്‌റത്ത്, സുധീര്‍ കെ ഖാലിദ്, നവീന്‍ പുതുശ്ശേരി, മാഹിന്‍ ബാഖവി, മുത്തലിബ് എം എം തുടങ്ങിയവര്‍ പ്രസംഗിച്ചു.

