
തിരുവനന്തപുരം: ജനങ്ങള്ക്കും പരിസ്ഥിതിക്കും പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകളുടെ വികസനവും ഉത്തരവാദിത്തപരമായ ഉപയോഗവും ലക്ഷ്യമിട്ട് ഐ ട്രിപ്ള് ഇ ഇന്റര്നാഷണല് സിമ്പോസിയം ഓണ് ടെക്നോളജി ആന്ഡ് സൊസൈറ്റി (ഐ എസ് ടി എ എസ്) 2026 തിരുവനന്തപുരത്ത് ആരംഭിച്ചു. ‘ആഗോള വികസനത്തിനായുള്ള സുസ്ഥിര സാങ്കേതികവിദ്യകള്’ എന്ന പ്രമേയത്തില് സംഘടിപ്പിക്കുന്ന സമ്മേളനം ഗവേഷകര്, എന്ജിനീയര്മാര്, നയരൂപീകരണ വിദഗ്ധര്, സാമൂഹിക പ്രവര്ത്തകര് എന്നിവരെ ഒരുമിച്ചുകൊണ്ടുവരുന്നു.

ഐ ട്രിപ്ള് ഇ സൊസൈറ്റി ഓണ് സോഷ്യല് ഇംപ്ലിക്കേഷന്സ് ഓഫ് ടെക്നോളജിയും ഐ ട്രിപ്ള് ഇ കേരള സെക്ഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം പത്തുവര്ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിലെത്തുന്നത്.

സംസ്ഥാന ആസൂത്രണ ബോര്ഡ് അംഗം ശ്രീധര് രാധാകൃഷ്ണന് ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആറു വിഷയമേഖലകളിലായി 150-ലധികം പ്രബന്ധങ്ങള് സമ്മേളനത്തില് അവതരിപ്പിക്കാന് അംഗീകാരം ലഭിച്ചിട്ടുണ്ട്. നയങ്ങളും ഭരണസംവിധാനങ്ങളും, സാങ്കേതികവിദ്യയുടെ സാര്വത്രിക ലഭ്യത, തീരപ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള മാര്ഗങ്ങള് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്. അംഗീകരിച്ച പ്രബന്ധങ്ങളില് 70 ശതമാനത്തോളം രണ്ടുദിവസങ്ങളിലായി അവതരിപ്പിക്കും. സമ്മേളനത്തിനു മുന്നോടിയായി കുടുംബശ്രീ അംഗങ്ങള്ക്കായി സൈബര് സുരക്ഷാ ശില്പ്പശാലയും സംഘടിപ്പിച്ചു.
സാങ്കേതികവിദ്യയുടെ വികസനത്തില് എന്ജിനീയര്മാര് പരിസ്ഥിതിയുടെ സംരക്ഷകരായും മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തില് ശ്രീധര് രാധാകൃഷ്ണന് പറഞ്ഞു. എന്തെല്ലാം നിര്മിക്കാം എന്നതിനു പുറമേ, എന്തൊക്കെ നിര്മിക്കാതിരിക്കണം എന്നതും സാങ്കേതികവിദഗ്ധര് ചിന്തിക്കണം. സംസ്ഥാനത്തിന്റെ 15-ാം പഞ്ചവത്സര പദ്ധതിയില് (2027- 2032) അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതിയുടെ പരിധികള് മാനിക്കുന്നതിനും പ്രാധാന്യം നല്കുന്ന സമീപനമാണ് ആസൂത്രണ ബോര്ഡ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാര്പ്പിടം, കുടിവെള്ളം, വരുമാനം എന്നിവയിലെ സുരക്ഷ എല്ലാവര്ക്കും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ അടിസ്ഥാനതലം. അതേസമയം, പരിസ്ഥിതിയുടെ നിലനില്പ്പിന് ഹാനികരമാകാത്ത പരിധിക്കുള്ളിലായിരിക്കണം വികസനമെന്നതാണ് ഉയര്ന്ന പരിധി മുന്നോട്ടുവയ്ക്കുന്ന ആശയം. പൊതുസ്വകാര്യ പങ്കാളിത്തം എന്ന അര്ഥത്തില് ഉപയോഗിക്കുന്ന പി പി പി എന്ന ആശയത്തെ ‘ജനങ്ങള്, ഭൂമി, പങ്കാളിത്തം’ എന്ന കാഴ്ചപ്പാടില് പുനര്വിചിന്തനം ചെയ്യണമെന്നും അദ്ദേഹം നിര്ദേശിച്ചു. കുട്ടികള്ക്കെതിരായ ഓണ്ലൈന് അതിക്രമങ്ങളും മറ്റ് ഡിജിറ്റല് ഭീഷണികളും അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ 15-ാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിന് സാങ്കേതികവിദ്യാ രംഗത്തെ വിദഗ്ധരുടെ സഹകരണം തേടി ഐ ട്രിപ്ള് ഇയെ ആസൂത്രണ ബോര്ഡ് അംഗം ക്ഷണിച്ചു. ദുരന്തനിവാരണം, ശുദ്ധജല ലഭ്യത, ചെലവുകുറഞ്ഞ ആരോഗ്യപരിചരണം, സഹായക സാങ്കേതികവിദ്യകള്, വയോജനപരിചരണം തുടങ്ങിയ മേഖലകളില് സമൂഹാധിഷ്ഠിത സാങ്കേതികവിദ്യാ പങ്കാളിത്തം വികസിപ്പിക്കുക, കുട്ടികളെ ഓണ്ലൈന് ഭീഷണികളില്നിന്ന് സംരക്ഷിക്കാന് തുടര്ച്ചയായ ഡിജിറ്റല് സുരക്ഷാ പദ്ധതി നടപ്പാക്കുക, പൊതുസേവനങ്ങള്, വിദ്യാഭ്യാസം, തൊഴില് തുടങ്ങിയ മേഖലകളില് സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ സ്വീകരിക്കുന്നതിനുള്ള നിര്ദേശങ്ങള് സമര്പ്പിക്കുക എന്നിവയാണ് അദ്ദേഹം മുന്നോട്ടുവച്ച മൂന്ന് സംരംഭങ്ങള്. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച നിര്ദേശങ്ങള് സമര്പ്പിക്കണമെന്നും ആവശ്യപ്പെട്ടു.
‘നമ്മള് ഒരു സാങ്കേതിക സമ്മേളനത്തിന് തുടക്കം കുറിക്കുക മാത്രമല്ല, ഒരു സ്വപ്നം യാഥാര്ഥ്യമാക്കുക കൂടിയാണ് ചെയ്യുന്നത്’ എന്ന് സമ്മേളന ജനറല് ചെയര്മാന് വര്ഗീസ് ചെറിയാന് പറഞ്ഞു. കേരളത്തില് ഐ എസ് ടി എ എസ് സമ്മേളനം സംഘടിപ്പിക്കണമെന്ന ആശയത്തിന് നേതൃത്വം നല്കിയ അന്തരിച്ച പ്രൊഫ. വി കെ ദാമോദരന്റെ സ്മരണയ്ക്കാണ് സമ്മേളനം സമര്പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില് ഐ ട്രിപ്ള് ഇ
സൊസൈറ്റി ഓണ് സോഷ്യല് ഇംപ്ലിക്കേഷന്സ് ഓഫ് ടെക്നോളജിയുടെ പ്രവര്ത്തനങ്ങള് സ്ഥാപിക്കുന്നതില് നിര്ണായക പങ്കുവഹിച്ച അന്തരിച്ച അമര്നാഥ് രാജനെയും ചടങ്ങില് അനുസ്മരിച്ചു.
2027-ല് സൊസൈറ്റിയുടെ അമ്പതാം വാര്ഷികം ആഘോഷിക്കുമെന്ന് ഐ ട്രിപ്ള് ഇ എസ് എസ് ഐ ടി പ്രസിഡന്റ് മൂര്ത്തി പാലവൂര് പറഞ്ഞു. ഐ ട്രിപ്ള് ഇ റീജിയന് 10 പ്രതിനിധി ഡോ. സമീര് ഹസന്, കേരള സെക്ഷന് ചെയര്മാന് ഡോ. ബി എസ് മനോജ് എന്നിവര് ആശംസകള് നേര്ന്നു.
2018-ലെ പ്രളയകാലത്ത് കേരളത്തിന് സഹായമെത്തിക്കുന്നതില് കേരളറെസ്ക്യൂ.ഇന് ഉള്പ്പെടെയുള്ള സംരംഭങ്ങള് വഹിച്ച പങ്ക് അവര് അനുസ്മരിച്ചു. യഥാര്ഥ മനുഷ്യാവശ്യങ്ങളുമായി ബന്ധപ്പെടുമ്പോഴാണ് സാങ്കേതികവിദ്യ അര്ഥവത്താകുന്നതെന്ന് ഡോ. സമീര് ഹസന് പറഞ്ഞു.
ഐ ട്രിപ്ള് ഇ കേരള സെക്ഷനു കീഴിലുള്ള എസ് എസ് ഐ ടി ചെയര് ശാരദ ജയകൃഷ്ണന് നന്ദി പറഞ്ഞു.

