
ദോഹ: വടകര തണലിന്റെ ആഭിമുഖ്യത്തില്‍ റിഹാബ് യൂണിവേഴ്‌സിറ്റിക്ക് തുടക്കം കുറിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമായാമ് ആദ്യഘട്ടം ആരംഭിക്കുന്നത്.

റിഹാബിലിറ്റേഷന്‍ മേഖലയിലെ വിവിധ ട്രേഡുകളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി ജി, പി എച്ച് ഡി കോഴ്‌സുകളാണ് വിഭാവനം ചെയ്യുന്നത്. ക്ലിനിക്കല്‍വിംഗ്, അക്കാദമിക് വിംഗ്, റിസര്‍ച്ച് വിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നടക്കുക. കോഴ്‌സുകളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതിന് അനുസരിച്ച് സ്ഥാപനം യൂണിവേഴ്‌സിറ്റിയായി മാറാനാണ് ആഗ്രഹിക്കുന്നത്.


കോഴിക്കോട് കുറ്റ്യാടിക്ക് സമീപം പന്തിരിക്കരയില്‍ 30 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. നാല് മാസംകൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം ചതുരശ്ര അടിയുള്ള ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ ആരംഭിച്ച് 2025ല്‍ പൂര്‍ത്തീകരിക്കും. 175 കോടി രൂപയാണ് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കാക്കുന്നത്.
ജാതിമത ഭേദമന്യേ സമൂഹത്തിലെ നന്മയാഗ്രഹിക്കുന്നവരുടെ സഹകരണമാണ് പദ്ധതിയില്‍ തണല്‍ പ്രതീക്ഷിക്കുന്നത്. പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ സെപ്തംബര്‍ 20 ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് മിഡ്മാക് റൗണ്ട് അബൗട്ടിന് സമീപത്തെ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ യോഗം നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. വി ഇദ്‌രീസ്, എം വി സിറാജുദ്ദീന്‍, ആഷിഖ് അഹമ്മദ്, അബ്ദുല്‍ ഗഫൂര്‍ പി, ഹംസ കെ കെ, സി സുബൈര്‍, ഷാനവാസ് ടി ഐ എന്നിവര്‍ പങ്കെടുത്തു.

