
കാബൂള്‍: വീണ്ടും സ്‌ഫോടനത്തിനെത്തിയ ഐ എസ് ചാവേറുകളെ ലക്ഷ്യമിട്ടയച്ച ഡ്രോണ്‍ ലക്ഷ്യംകണ്ടെന്ന യു എസിന്റെ അവകാശവാദം പൊള്ള. ഐ എസ് ചാവേറുകളെയല്ല അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിയ പത്തംഗ കുടുംബത്തെയാണ് യു എസ് ഡ്രോണ്‍ ആക്രമണം ഇല്ലാതാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു മുതല്‍ നാല്‍പ്പത് വയസ്സു വരെയുള്ളവരാണ് കൊല്ലപ്പെട്ടവര്‍.


പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ആയുസ്സിന്റെ ബലംകൊണ്ട് രക്ഷപ്പെട്ട അയ്മല്‍ അഹ്മദിക്ക് ഇ്‌പ്പോഴും ഇതൊന്നും വിശ്വസിക്കാനായിട്ടില്ല. തന്റെ സഹോദരനേയും കുടുംബാംഗങ്ങളേയും ഐ എസ് എന്ന് വിശേഷിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഭാഷയും അദ്ദേഹത്തിന് പിടികിട്ടുന്നില്ല. തന്റെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ ഇപ്പോഴും പറയാത്തതെന്തെന്ന് അദ്ദേഹം ചോദിക്കുന്നു.
അഹമ്മദി, നെജറാബി കുടുംബങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടവരെല്ലാം. അവരാകട്ടെ അഫ്ഗാന്‍ സൈന്യത്തിലും സര്‍ക്കാര്‍ സര്‍വീസിലുമൊക്കെ ജോലി ചെയ്തിരുന്നതിനാല്‍ താലിബാന്‍ ലക്ഷ്യമിടുമെന്ന് ഭയന്ന് അമേരിക്ക അനുവദിച്ച പ്രത്യേക കുടിയേറ്റ വിസ ലഭിച്ചവരാണ്. തങ്ങളുടെ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അമേരിക്കയിലേക്ക് പറക്കാനുള്ള വിളി കാത്തിരിക്കുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും ഐ എസ് ആണെന്ന ആരോപിക്കപ്പെടുന്നതും.
അവര്‍ നിരപരാധികളും നിസ്സഹായരുമായ കുട്ടികളായിരുന്നുവെന്ന് അയ്മല്‍ വിലപിക്കുന്നു. രണ്ടുവയസ്സുകാരി മാലിക മുതല്‍ അയ്മിലന്റെ സഹോദരന്‍ എന്‍ജിനിയറായ നാല്‍പ്പതുകാരന്‍ സെമറായി വരെയാണ് കൊല്ലപ്പെട്ടവരുടെ നിര.


തന്റെ സഹോദരന്‍ നാല്‍പ്പതുകാരനായ എന്‍ജിനിയര്‍ സെമറായി ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങി എത്തിയതേ ഉണ്ടായിരുന്നുള്ളുവെന്നും മൂത്ത മകനോട് കാര്‍ വീട്ടിനകത്തേക്ക് കയറ്റിവെക്കാന്‍ പറഞ്ഞതിന് പിന്നാലെയാണ് സംഭവം നടന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
രണ്ടു നിലകളിലുള്ള വീട്ടിന്റെ അകത്തേക്ക് കാര്‍ പാര്‍ക്ക് ചെയ്യാനാണ് സെമറായി തന്റെ മൂത്ത മകനോട് പറഞ്ഞത്. തന്റെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ യു എസില്‍ എത്തുന്നതിന് മുമ്പ് ഡ്രൈവിംഗ് പരിശീലിച്ചിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. കാര്‍ അകത്തേക്കെടുക്കുന്നതിനാല്‍ മറ്റു കുട്ടികളും കാറില്‍ കയറുകയായിരുന്നു. തെരുവില്‍ നിന്നും വീട്ടിനകത്തേക്ക് കാറെത്തുന്നതിന് മുമ്പ് മരണം യു എസ് ഡ്രോണിന്റെ രൂപത്തില്‍ അവരിലേക്ക് പതിക്കുകയായിരുന്നു.
സ്‌ഫോടന ശബ്ദം കേട്ട് ഓടി എത്തിയ അയല്‍വാസികളും ബന്ധുക്കളും വെള്ളമെടുത്ത് തീ പിടിച്ച കാറിന്റെ തീ അണക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം അവസാനിച്ചിരുന്നു. കൊച്ചുകുട്ടികള്‍ ഓടിക്കളിച്ചിരുന്ന വീട് മിനുട്ടുകള്‍കൊണ്ടാണ് ഭീകര കാഴ്ചയായി മാറിയതെന്ന് അയല്‍വാസികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യമാംസം പറ്റിയ ചുവരുകളും രക്തം തെറിച്ച ഭിത്തിയും ഒടിഞ്ഞ അസ്ഥിയുമായി സംഭവസ്ഥലം ഭീകരമായിത്തീര്‍ന്നു.
ഇളയ ആണ്‍കുട്ടികളില്‍ ഒരാളായ ഫര്‍സാദിന്റെ കാലുകള്‍ മാത്രമാണ് കണ്ടെത്താനായതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചക്കു ശേഷം നടന്ന സ്‌ഫോടനത്തിന്റെ അലയൊലികള്‍ക്ക് ശേഷം തിങ്കളാഴ്ച രാവിലെ സെമറായിയുടെ വീട്ടിലെത്തിയ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കുമെല്ലാം സ്‌ഫോടനത്തില്‍ തെറിച്ചു പോയ കളിപ്പാട്ടങ്ങളാണ് കാണാനായത്.
ഞായറാഴ്ച ഉച്ചക്കു ശേഷം ഐ എസിനെ ലക്ഷ്യമിട്ട് യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ചാവേര്‍ ആക്രമികള്‍ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം പുറത്തുവിട്ടത്. സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് സൂചനകളൊന്നുമില്ലെന്നും യു എസ് സെന്‍ട്രല്‍ കമാന്റ് പറഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും യു എസ് സൈന്യം അറിയിച്ചു.
ഐ എസിനെ ലക്ഷ്യമിട്ടാണ് റോക്കറ്റ് ആക്രമണം നടന്നതെന്ന യു എസ് പ്രസ്താവനയാണ് അഹമ്മദിയേയും അയല്‍വാസികളേയും പ്രകോപിതരാക്കുന്നത്. കൊല്ലപ്പെട്ട സെമറായിക്കും അദ്ദേഹത്തിന്റെ അളിയന്‍ നാസര്‍ നെജറാബിക്കും സായുധ ഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു പതിറ്റാണ്ടിലേറെയായി എന്‍ജിനിയറായി പ്രവര്‍ത്തിക്കുകയാണ് സെമറായി. അദ്ദേഹത്തിന്റെ അളിയന്‍ നാസര്‍ നെജറാബിയാകട്ടെ കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
ആക്രമണം നടക്കുന്ന സമയത്ത് സെമറായിയുടെ മറ്റൊരു സഹോദരന്‍ റോമല്‍ അവിടെ ഉണ്ടായിരുന്നില്ല. ജല- ഊര്‍ജ്ജ മന്ത്രാലയത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് സര്‍ക്കാര്‍ ജോലികളുണ്ടായിരുന്നതിനാലും വിദേശ ശക്തികളുമായി ബന്ധമുള്ളതിനാലും യു എസ് പ്രത്യേക കുടിയേറ്റ വിസ ഇവര്‍ക്ക് ലഭിച്ചിരുന്നു.
സൈന്യത്തിലും സര്‍ക്കാര്‍- സ്വകാര്യ കമ്പനികളിലും പ്രവര്‍ത്തിച്ച അവരെ തീവ്രവാദികളാണെന്ന് പറയുന്നത് അയ്മലിന് അംഗീകരിക്കാനാവുന്നില്ല. പതിറ്റാണ്ടുകളായി കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് അവര്‍ താമസിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലേക്ക് പോകാനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു കുടുംബം.
ഐ എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന രീതിയിലുള്ള പ്രചരണം അവസാനിപ്പിക്കണമെന്നും ശരിയായ അന്വേഷണം നടക്കണമെന്നും അയല്‍ക്കാര്‍ ആവശ്യപ്പെടുന്നു.
യു എസ്, അഫ്ഗാന്‍ വ്യോമാക്രമണങ്ങളില്‍ സിവിലിയന്‍ നാശനഷ്ടങ്ങള്‍ അപൂര്‍വ്വമല്ലെങ്കിലും കഴിഞ്ഞ 15 വര്‍ഷമായി അവയില്‍ ഭൂരിഭാഗവും തലസ്ഥാന നഗരിയായ കാബൂളില്‍ സംഭവിക്കാറില്ലായിരുന്നു. നംഗര്‍ഹര്‍, ബാഗ്ലാന്‍, മൈദാന്‍ വാര്‍ഡക്, തഖര്‍, ഹെറാത്ത്, കുണ്ടൂസ്, ലോഗര്‍ തുടങ്ങി വിദൂര പ്രദേശങ്ങളിലാണ് ഇത്തരം വ്യോമാക്രമണങ്ങള്‍ നടക്കാറുള്ളത്.
കഴിഞ്ഞ പത്തു വര്‍ഷത്തെ അഫ്ഗാന്‍ സിവിലിയന്മാര്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്റെ ആഘാതം അന്വേഷിക്കുന്ന ജര്‍മന്‍ ആസ്ഥാനമായ പത്രപ്രവര്‍ത്തകനായ ഇംറാന്‍ ഫിറോസിന്റെ അഭിപ്രായത്തില്‍ ഞായറാഴ്ച കാബൂളിലുണ്ടായ ആക്രമണം അഫ്ഗാന്‍ സിവിലിയന്മാരെ അലട്ടുന്ന 2001 മുതലുള്ള അമേരിക്കന്‍ അധിനിവേശ കാലത്തെ ഒരു പ്രശ്‌നത്തിലേക്ക് മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. അഫ്ഗാനിസ്ഥാനിലെ യു എസ് പ്രവര്‍ത്തനങ്ങള്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ തുടങ്ങി ഡ്രോണ്‍ ആക്രമണങ്ങളില്‍ അവസാനിച്ചത് പ്രതീകാത്മകമാണെന്നും ഇരുപത് വര്‍ഷത്തിനുള്ളില്‍ അവര്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ലെന്നും ഇംറാന്‍ അല്‍ ജസീറയോടു പറഞ്ഞു.
ആരാണ് കൊല്ലപ്പെട്ടതെന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ലെന്നും അഹമ്മദി കുടുംബത്തിന് നേരെയുള്ള ആക്രമണത്തിന് ഒരു ദിവസം മുമ്പ് നംഗര്‍ഹറില്‍ മറ്റൊരു യു എസ് ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ആരും അതേക്കുറിച്ചൊന്നും ചോദിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ജോ ബൈഡന്റെ പ്രസ്താവന ആവര്‍ത്തിച്ച് എല്ലാ മാധ്യമങ്ങളും ഐ എസ് എന്ന് പറഞ്ഞതായും അദ്ദേഹം വിശദീകരിച്ചു.
യു എസ് ആക്രമണത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ വാഷിംഗ്ടണും സഖ്യകക്ഷികളും ഭീകരരെ കൊല്ലാന്‍ മാത്രമാണ് വ്യോമാക്രമണമെന്നാണ് അഫ്ഗാന്‍ ജനതയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കാബൂളില്‍ യാഥാര്‍ഥ്യം ബോധ്യപ്പെട്ടതായും ഫിറോസ് പറയുന്നു.
2001 ഒക്ടോബര്‍ ഏഴിന് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ആദ്യത്തെ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഉമറിനെ കൊലപ്പെടുത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആരാണ് കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും അറിയില്ലെന്നും ഇനിയൊരിക്കലും അറിയാന്‍ സാധിക്കില്ലായിരിക്കുമെന്നും ഫിറോസ് പറയുന്നു.

